തൃശൂർ: വൈദ്യുതി നിരക്ക് വർധനയിൽ കോർപറേഷന് നേരിട്ടത് കനത്ത ആഘാതം. ലൈസൻസികളിൽ ഏറ്റവും ഉയർന്ന നിരക്ക് നിശ്ചയിച്ചിരിക്കുന്നത് കോർപറേഷനാണ്.
കഴിഞ്ഞ ദിവസം വരെ യൂനിറ്റിന് 6.05 രൂപക്ക് വൈദ്യുതി ലഭിച്ചിരുന്ന കോർപറേഷന് പുതുക്കിയ നിരക്ക് നിലവിൽവന്ന 26 മുതൽ 6.50 രൂപയായി മാറി. സംസ്ഥാനത്ത് കെ.എസ്.ഇ.ബിയിൽനിന്ന് വൈദ്യുതി വാങ്ങുന്ന ലൈസൻസികളിൽ ഏറ്റവും ഉയർന്ന നിരക്കാണ് തൃശൂർ കോർപറേഷന് നിശ്ചയിച്ചിരിക്കുന്നത്.
കിനെസ്കോ പവർ ആൻഡ് യൂട്ടിലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് (6.15), കൊച്ചിൻ സ്പെഷൽ ഇക്കണോമിക്സ് സോൺ (6.15), റബർ പാർക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (5.50), ടെക്നോ പാർക്ക് (6.00), കൊച്ചിൻ പോർട്ട് ട്രസ്റ്റ് (6.25), കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് (5.30), ഇൻഫോ പാർക്ക് (5.90), സ്മാർട്ട് സിറ്റി (5.90), കർണാടക ഇലക്ട്രിസിറ്റി വകുപ്പ് (6.10) എന്നിങ്ങനെയാണ് മറ്റ് ലൈസൻസികൾക്ക് വൈദ്യുതി യൂനിറ്റിനുള്ള പുതിയ നിരക്ക്.
സംസ്ഥാനത്ത് വൈദ്യുതി വിതരണാവകാശമുള്ള ഏക തദ്ദേശ സ്ഥാപനമാണ് തൃശൂർ കോർപറേഷൻ. 1,27,19,800 യൂനിറ്റ് വൈദ്യുതിയാണ് കോർപറേഷൻ കെ.എസ്.ഇ.ബിയിൽ നിന്നു വാങ്ങുന്നത്.
22,019 ഗാർഹിക കണക്ഷനുകളും 188 കാർഷിക കണക്ഷനുകളും 128 ഹൈടെൻഷൻ സപ്ലൈയും 17,726 ഗാർഹികേതര കണക്ഷനുകളും 501 വ്യവസായിക കണക്ഷനുകളുമായി 40,562 കണക്ഷനുകളിലായി 1,17,26,148 യൂനിറ്റ് വൈദ്യുതി ആണ് വിൽക്കുന്നത്.
9,93,652 യൂനിറ്റ് വൈദ്യുതി പ്രസരണ നഷ്ടമുണ്ടാകുന്നുവെന്നാണ് കോർപറേഷൻ കണക്ക്. പ്രതിമാസം 10 കോടിയോളമാണ് വൈദ്യുതി വിതരണത്തിലൂടെ കോർപറേഷൻ കെ.എസ്.ഇ.ബിക്ക് നൽകുന്നത്.
റെഗുലേറ്ററി കമീഷൻ നിശ്ചയിച്ച നിരക്കിനേക്കാൾ താഴാനോ, വർധിപ്പിച്ചോ ലൈസൻസികൾക്ക് വൈദ്യുതി വിൽക്കാനാവില്ല. സാധാരണയായി കെ.എസ്.ഇ.ബി നേരിട്ട് വിതരണം നിർവഹിക്കുന്നതിനേക്കാൾ നിരക്കിൽ കുറവ് നിരക്കാണ് കോർപറേഷനിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് ലഭിക്കാറുള്ളത്.
കോർപറേഷന്റെ പ്രധാന സാമ്പത്തിക സ്രോതസ്സുകൂടിയാണ് വൈദ്യുതി വിതരണ വിഭാഗം. ആദ്യമായി തദ്ദേശ സ്ഥാപനം റെയിൽവേ മേൽപാലം പണിത തൃശൂർ കോർപറേഷനിൽ റെയിൽവേ ആവശ്യപ്പെട്ട ഉടൻതന്നെ ഏഴ് കോടിയോളം എടുത്ത് നൽകിയത് വൈദ്യുതി വിഭാഗത്തിൽ നിന്നായിരുന്നു.
ഇങ്ങനെ അടിയന്തരാവശ്യങ്ങൾക്ക് എളുപ്പത്തിൽ കോടികൾ എടുക്കുന്നത് വൈദ്യുതി വിഭാഗത്തിൽ നിന്നാണ്. നിരക്ക് വർധന പ്രാബല്യത്തിൽ വന്നെങ്കിലും കോർപറേഷൻ പരിധിയിലെ നിരക്ക് വ്യത്യാസത്തിൽ തീരുമാനമായിട്ടില്ല. ഒറ്റയടിക്ക് 45 പൈസയോളം യൂനിറ്റിന് വർധിപ്പിച്ചത് പ്രസരണ നഷ്ടംകൂടി കണക്കാക്കുമ്പോൾ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇതും കണക്കാക്കി വേണം കോർപറേഷന് നിരക്ക് നിശ്ചയിക്കാനെന്ന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.