ആമ്പല്ലൂർ: പാലപ്പിള്ളി കുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചു. തോട്ടം തൊഴിലാളിയായ കിളിയമണ്ണിൽ ഷഫീഖിന്റെ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്. തൊഴുത്തിൽനിന്ന് പശുക്കളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പുലി സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് ഓടി മറഞ്ഞു. പശുക്കുട്ടിയുടെ കഴുത്തിലും കാലിലും പരിക്കുണ്ട്. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. നാട്ടുകാർ ചേർന്ന് പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയുമാണ് പുലിയെ ഓടിക്കാൻ ശ്രമിച്ചത്. എന്നാൽ രണ്ട് മണിക്കൂറിന് ശേഷം പുലി വീണ്ടും വന്നതായി നാട്ടുകാർ പറയുന്നു. സമീപത്ത് കെട്ടിയിടാതെ വളർത്തുന്ന പശുക്കൾ കൂട്ടത്തോടെ തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്ക് സമീപത്തേക്ക് ഓടിയെത്തിയതായും നാട്ടുകാർ പറയുന്നു. വനപാലകർ എത്തി തോട്ടത്തിൽ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
സമീപത്തെ കാട്ടിൽ പുലിയുണ്ടെന്നും ഏതുനിമിഷവും ആക്രമണം ഉണ്ടാകാമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ഭയന്ന് തൊഴിലാളികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് പ്രദേശത്ത് പുലിയിറങ്ങുന്നത്.
കഴിഞ്ഞ ദിവസം പുലിയിറങ്ങി തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കുട്ടിയെ കൊന്നിരുന്നു. ജനവാസ മേഖലയിൽ ഭീതി പരത്തുന്ന പുലിയെ പിടികൂടാൻ വനംവകുപ്പ് അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.