ആമ്പല്ലൂർ: കഴിഞ്ഞ ദിവസം ടോൾ പ്ലാസ വളയൽ സമരത്തിനിടെ പാലിയേക്കര ടോൾ ബൂത്തിൽ അതിക്രമിച്ചുകയറി പൊതുമുതൽ നശിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കളുടെ പേരിൽ പുതുക്കാട് പൊലീസ് കേസെടുത്തു. എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, കെ.പി.സി.സി നിർവാഹക സമിതി അംഗം അനിൽ അക്കര, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, കണ്ടാലറിയുന്ന 145 പ്രവർത്തകർ എന്നിവരുടെ പേരിലാണ് കേസെടുത്തത്.
ടോൾ പ്ലാസ മാനേജർ ശ്യാം പാർഥസാരഥിയാണ് പരാതി നൽകിയത്. ടോൾബൂത്തിൽ അതിക്രമിച്ചുകയറിയ പ്രവർത്തകർ സി.സി.ടി.വി കാമറകളും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഓട്ടോമാറ്റിക് ബാരിയറും തകർക്കുകയും പ്രവർത്തകർ ടോൾപിരിവ് തടഞ്ഞ് വാഹനങ്ങൾ കടത്തിവിട്ടതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ ദേശീയപാത അതോറിറ്റിക്ക് 7,05,920 രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതിയിലുള്ളത്. ടോൾ പ്ലാസ അധികൃതരുടെ പരാതിക്കു പുറമെ ടോൾ പ്ലാസയിൽ നടന്ന അക്രമസംഭവങ്ങളിൽ പുതുക്കാട് പൊലീസ് എസ്.എച്ച്.ഒ സ്വമേധയായും കേസെടുത്തിട്ടുണ്ട്. അനധികൃതമായി സംഘം ചേർന്നതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്. ഇ.ഡി നടപടിയുടെ സാഹചര്യത്തിൽ പാലിയേക്കരയിൽ ടോൾപിരിവ് നിർത്തണമെന്നും ടോൾപ്ലാസ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ നേതൃത്വത്തിൽ ടോൾ പ്ലാസ വളയൽ സമരം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.