എറിയാട്: കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് അഴീക്കോട്ടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പഞ്ചായത്ത് അനുമതി നൽകി. മത്സ്യവിൽപന നടക്കുന്ന അഴീക്കോട് ജെട്ടി ഉൾപ്പെടെയുള്ള ചില വാർഡുകളിൽ ട്രിപ്ൾ ലോക്ഡൗണും കണ്ടെയ്ൻമെൻറ് സോണും പിൻവലിച്ച് ഉത്തരവായ സാഹചര്യത്തിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം പുനാരാരംഭിക്കാൻ പഞ്ചായത്ത് അടിയന്തര യോഗം അനുമതി നൽകിയത്.
ഇതേതുടർന്ന് ചൊവ്വാഴ്ച മുതൽ തീരദേശത്ത് മത്സ്യവിൽപന പുനരാരംഭിച്ചു. നേരത്തേ ഉണ്ടായിരുന്നതുപോലെ ലേലം ഒഴിവാക്കിയും ചെറുകിട കച്ചവടക്കാർക്ക് മൊത്തക്കച്ചവടക്കാർ വഴിയുമാണ് വിൽപന അനുവദിച്ചിരിക്കുന്നത്. മത്സ്യബന്ധനത്തിനായി തീരദേശത്തെ വള്ളങ്ങൾ പോകുന്നതിന് മാത്രമേ അനുമതിയുള്ളൂ. അന്തർസംസ്ഥാന വാഹനങ്ങൾ മാർക്കറ്റിൽ വിൽപന നടത്താൻ പാടില്ല.
വിൽപനക്കായി പുറത്തുനിന്ന് മീൻ കൊണ്ടുവരുന്നതും കർശനമായി നിയന്ത്രിക്കും. അത്തരം മീനുകൾ കച്ചവടം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ ദുരന്തനിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കും. മൊത്തക്കച്ചവടക്കാർ മാത്രമേ ഹാർബറിൽ പാടുള്ളൂ. ലേലം കൈക്കൊണ്ടവർ മീൻ ഹാർബറിൽനിന്ന് ഉടൻ തന്നെ നീക്കം ചെയ്യണം. ചില്ലറ വിൽപനക്കാർ ലേലം കൊണ്ടവരിൽനിന്ന് മീൻ വാങ്ങേണ്ടതാണ്.
ബാഡ്ജ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. തെർമോമീറ്റർ, സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവ ലേല വിൽപനക്കാർ വാങ്ങി നൽകണം. ഹാർബറിനകത്ത് വാഹനങ്ങൾ വരുന്നത് കർശനമായി നിയന്ത്രിക്കും. പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ആർ.ആർ.ടി പ്രവർത്തകരെ വളൻറിയർമാരായി ഏർപ്പെടുത്തിയിട്ടുണ്ട്. ട്രിപ്ൾ ലോക്ഡൗണിലും കണ്ടെയ്ൻമെൻറ് സോണിലും ഉൾപ്പെട്ട വാർഡുകളിൽനിന്ന് ആരും അത്യാവശ്യകാര്യങ്ങൾക്കല്ലാതെ മത്സ്യബന്ധനത്തിനോ മത്സ്യകച്ചവടത്തിനോ പുറത്തിറങ്ങരുത്.
കഴിഞ്ഞമാസം 28നാണ് അഴീക്കോട് ജെട്ടിയിൽ അഞ്ച് തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഫിഷ് ലാൻഡിങ് സെൻററും മത്സ്യ മാർക്കറ്റും അടച്ചത്. പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ, വൈസ് പ്രസിഡൻറ് എം.കെ. സിദ്ദിഖ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. വി.എ. സബാഹ്, ഹെൽത്ത് ഇൻസ്പെക്ടർ രാജൻ, തീരദേശ പൊലീസ് ഇൻസ്പെക്ടർ ദിലീപ്, പഞ്ചായത്ത് അസി. സെക്രട്ടറി കൊച്ചുത്രേസ്യ, മത്സ്യത്തൊഴിലാളികൾ, തരകൻമാർ, മത്സ്യമേഖല പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.