തൃശൂർ: കോഴിക്കോട് എലത്തൂരിൽ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫി പിടിയിലാവുമ്പോൾ അഭിമാനത്തോടെ തൃശൂർ പൊലീസും. അന്വേഷണത്തിന് നിയോഗിച്ച ടീമിൽ തൃശൂർ സിറ്റി പൊലീസിലെ ‘നിഴൽ പൊലീസി’ലെ മൂന്ന് പേരുമുണ്ട്. തൃശൂർ ഐ.ജി ആയിരുന്ന പ്രത്യേക അന്വേഷണവിഭാഗം മേധാവി എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ നിർദേശപ്രകാരമാണ് മൂന്നുപേരെയും സംഘത്തിൽ നിയോഗിച്ചത്.
ആറുപേരെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. അതിൽ മൂന്നുപേരും തൃശൂരിൽനിന്നാണ്. ചൊവ്വാഴ്ചയാണ് ഇവരടങ്ങുന്ന സംഘം പ്രതിയെ അന്വേഷിച്ച് യാത്ര തുടങ്ങിയത്. വിവരങ്ങൾ കൈമാറിയതനുസരിച്ച് കേന്ദ്ര ഇന്റലിജന്‍സിന്റെ സഹായത്തോടെ മഹാരാഷ്ട്ര എ.ടി.എസും മഹാരാഷ്ട്ര പൊലീസും സംയുക്തമായി രത്നഗിരി റെയിൽവേ സ്റ്റേഷനിൽനിന്ന് ഷാരൂഖ് സെയ്ഫിയെ പിടികൂടുമ്പോൾ കേരളത്തിൽനിന്നുള്ള പ്രത്യേക സംഘം ഡൽഹിയിൽനിന്ന് രത്നഗിരിയിൽ എത്തി.
ഷാരൂഖ് സെയ്ഫി പിടിയിലായെങ്കിലും ഇവരുടെ ദൗത്യം അവസാനിച്ചിട്ടില്ല. സംഘത്തിലെ ഒരുവിഭാഗം കേസുമായി ബന്ധപ്പെട്ട മറ്റ് വിവരശേഖരണത്തിനായി ഡൽഹിയിലും മഹാരാഷ്ട്രയിലും തങ്ങുകയാണ്. അടുത്ത ദിവസമേ ഇവർ മടങ്ങൂ. വർഷങ്ങളായി തെളിയാതെയും തുമ്പില്ലാതെയും കിടന്ന നിരവധി കേസുകൾ തെളിയിച്ച ചരിത്രമുണ്ട് തൃശൂർ നിഴൽ പൊലീസ് അംഗങ്ങൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.