പെരുമ്പിലാവ്: കടവല്ലൂര്‍ പഞ്ചായത്തിലെ തിപ്പിലശ്ശേരിയിലെ കോവിൽ റോഡിൽ ഭൂമിക്കടിയില്‍നിന്ന് വെള്ളം തിളക്കുന്നത് പോലുള്ള ശബ്ദം ഉയർന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഉപയോഗ ശൂന്യമായ കുഴൽ കിണർ കണ്ടെത്തി. ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥർ ഞായറാഴ്ച നടത്തിയ പരിശോധനയിൽ ഒരടിയോളം താഴ്ചയിലാണ് കുഴൽ കിണർ കണ്ടെത്തിയത്. ഭൂമിക്കടിയിലെ സാധനങ്ങൾ കണ്ടെത്തുന്ന ഡൗസിങ് റോഡ് ഉപയോഗിച്ചായിരുന്നു പരിശോധന. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വർഷങ്ങൾക്ക് മുമ്പ് കുഴൽ കിണറിൽനിന്ന് വെള്ളം ലഭിക്കാതിരുന്നതോടെ മുകളിൽ കല്ല് വെച്ച് അടച്ചിരുന്നു. മഴ ശക്തമായതോടെ ഭൂഗർഭ ജലത്തിന്റെ ഒഴുക്ക് ശക്തമായതാണ് ശബ്ദം പുറത്തേക്ക് കേൾക്കാൻ ഇടയായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദുരന്ത നിവാരണ ഡെപ്യൂട്ടി തഹസിൽദാർ രാജേഷ് മാരാത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ശബ്ദം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് ആദ്യം ശബ്ദം കേട്ടത്. തുടർന്ന് നാട്ടുകാർ കുന്നംകുളം പൊലീസിനെയും ബന്ധപ്പെട്ട അധികൃതരെയും വിവരമറിയിക്കുകയായിരുന്നു.
കുഴൽ കിണർ സ്ഥലത്ത് ഉണ്ടായിരുന്നതായി അന്ന് ചിലർ പറഞ്ഞിരുന്നു. അസാധാരണമായ ശബ്ദം നാട്ടുകാരിൽ പരിഭ്രാന്തി ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.