അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

തീരദേശത്തെ എം.ഡി.എം.എ വിതരണശൃംഖലയിലെ രണ്ട് പേർകൂടി പിടിയിൽ

മതിലകം: തീരദേശ മേഖല കേന്ദ്രീകരിച്ച് എം.ഡി.എം.എ വിപണനം നടത്തുന്ന സംഘത്തിലെ കണ്ണികളെന്ന് കരുതുന്ന രണ്ട് യുവാക്കളെകൂടി പൊലീസ് പിടികൂടി. എടവിലങ്ങ് സ്വദേശി കണ്ണമ്പുഴ വീട്ടിൽ ജോയൽ (19), മേത്തല സ്വദേശി അടിമപ്പറമ്പിൽ സാലിഹ് (28) എന്നിവരാണ് പിടിയിലായത്.

ഒരാഴ്ച മുമ്പ് എക്സൈസ് ഇന്‍റലിജൻസ് രണ്ടുപേരെ പിടികൂടിയിരുന്നു. ഇവരുടെ പക്കൽനിന്ന് ലഭിച്ച ലിസ്റ്റ് കേന്ദ്രീകരിച്ച് എക്സൈസിന്‍റെ പ്രത്യേകസംഘം അന്വേഷണം നടത്തിവരുന്നതിനിടെയാണ് പൊലീസ് ഇവരെ പിടികൂടിയത്.

പെരിഞ്ഞനം ആറാട്ടുകടവ് ബീച്ച്, താടി വളവ് ആയുർവേദ ഡിസ്പെൻസറി എന്നിവിടങ്ങളിൽ കയ്പമംഗലം എസ്.ഐ ടോണി ജെ. മറ്റത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഇവരുടെ പക്കൽനിന്ന് 5.5 ഗ്രാം എം.ഡി.എം.എ പിടിെച്ചടുത്തു. ഇരുവരും സഞ്ചരിച്ച ബുള്ളറ്റും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ ഫോൺ പരിശോധിച്ചുവരുകയാണ്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപ്പറ്റിയും പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്ന് കണ്ടെത്താൻ രഹസ്യനിരീക്ഷണം ആരംഭിച്ചതായും കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരൻ പറഞ്ഞു.

തീരദേശത്ത് വിവിധ ഇനങ്ങളിൽപെട്ട മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തീരദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. എസ്.ഐ ഗോകുൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നജീബ്, പ്രശാന്ത് കുമാർ, സി.പി.ഒ ഗിൽബെർട്ട് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പൊലീസിന്‍റെ മിന്നൽ ലഹരി പരിശോധന; ഓട്ടോ ഡ്രൈവർമാർ കുടുങ്ങി

തൃശൂർ: പൊലീസിന്‍റെ മിന്നൽ ലഹരി പരിശോധനയിൽ ഇത്തവണ കുടുങ്ങിയത് ഓട്ടോ ഡ്രൈവർമാർ. ഏഴ് പേരെ പരിശോധിച്ചതിൽ നാല് പേരും ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇവരെ കസ്റ്റഡിയിലെടുത്തു. നൂതന പരിശോധന സംവിധാനമായ എബോൺ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചായിരുന്നു പരിശോധന.

ഇവരിൽനിന്ന് ലഹരി വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസും ഷാഡോ പൊലീസും സംയുക്തമായി തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു മിന്നൽ പരിശോധന.

ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയവരിൽ മൂന്ന് പേർ കഞ്ചാവും ഒരാൾ മോർഫിനുമാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. നേരത്തെ ബസ് ഡ്രൈവർമാരും കണ്ടക്ടർമാരും ലഹരി ഉപയോഗിച്ചതിന് പിടിയിലായിരുന്നു. എന്നാൽ ഓട്ടോ-ടാക്സികളിൽ ഇത്തരം പരിശോധന നടത്തിയിരുന്നില്ല. 

Tags:    
News Summary - Two more people in coastal MDMA supply chain arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.