തൃശൂർ: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനുകളിലെ യാത്രാതിരക്ക് ഒഴിവാക്കാൻ റെയിൽവേയുടെ യു.ടി.എസ് ആപ് പ്രചാരണം ശക്തമാക്കി. ആപ്പിലുള്ള റെയിൽ വാലറ്റിൽ മുൻകൂർ പണം നിക്ഷേപിച്ചോ അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ, പേമെന്റ് വാലറ്റുകൾ എന്നിവയിലൂടെ തത്സമയമോ ടിക്കറ്റിന്റെ പണം അടക്കാവുന്നതാണ്.
റെയിൽ വാലറ്റിൽ നിക്ഷേപിക്കുന്ന മുൻകൂർ തുകക്ക് നിലവിൽ മൂന്ന് ശതമാനം ബോണസ് നൽകുന്നുണ്ട്. സ്റ്റേഷനിൽനിന്ന് 20 മീറ്റർ അകലെ മുതൽ 20 കി. മീറ്റർ ദൂരം വരെ ഇത്തരത്തിൽ പ്ലാറ്റുഫോം ടിക്കറ്റ്, സാധാരണ രണ്ടാം ക്ലാസ് ടിക്കറ്റ്, സീസൺ ടിക്കറ്റ് എന്നിവ എടുക്കുകയും നിലവിലെ സീസൺ ടിക്കറ്റ് അനായാസം പുതുക്കുകയും ചെയ്യാം. സ്റ്റേഷനിൽ എത്തിയാണ് ടിക്കറ്റെടുക്കുന്നതെങ്കിൽ, അവിടെ പതിച്ചിട്ടുള്ള ക്യു.ആർ കോഡ് ആപ്പിലൂടെ സ്കാൻ ചെയ്ത് പ്ലാറ്റുഫോമിൽ പ്രവേശിയ്ക്കുന്നതിന് മുമ്പുതന്നെ ടിക്കറ്റ് എടുക്കാൻ കഴിയും.
പരിശോധന സമയത്ത് മൊബൈൽ ഫോണിൽ ടിക്കറ്റ് കാണിച്ചാൽ മതി. ആപ്പ് വഴിയല്ലാതെ സ്റ്റേഷനിലെത്തി നേരിട്ട് ടിക്കറ്റ് എടുക്കുന്നവർക്കായി പ്രധാന സ്റ്റേഷനുകളിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ യു.ടി.എസ് ഓൺ മൊബൈൽ ആപ് ഉപയോഗിക്കണമെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.