വടക്കാഞ്ചേരി: വാഴക്കോട് കാട്ടാനയെ ഒരുകൊമ്പ് മുറിച്ച് കുഴിച്ചിട്ട സംഭവത്തില്‍ കേന്ദ്ര അന്വേഷണം. കേന്ദ്ര വന്യജീവി ക്രൈം കൺട്രോൾ ബ്യൂറോ സംഘം വാഴക്കോടെത്തി തെളിവുകൾ ശേഖരിച്ചതിനൊപ്പം ഇത് സംബന്ധിച്ച പ്രാഥമിക വിവരങ്ങളും സംസ്ഥാന വനംവകുപ്പിൽനിന്ന് തേടി.
സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കാൻ വനംവകുപ്പ് നീക്കം ആരംഭിച്ചു. മണിയഞ്ചിറ റോയിയുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ വെള്ളിയാഴ്ചയാണ് ആനയുടെ ജഡം കണ്ടെത്തിയത്. കേസിൽ പത്ത് പേരെങ്കിലും പ്രതികളാകും. സംഭവത്തിൽ വനമന്ത്രി എ.കെ. ശശീന്ദ്രനും അടിയന്തര റിപ്പോർട്ട് തേടി. പ്രാഥമിക റിപ്പോർട്ടിന് ശേഷമാകും കേസിൽ ഇടപെടുന്നതിൽ കേന്ദ്ര വന്യജീവി ക്രൈം കൺട്രോൾ ബ്യൂറോയുടെ അന്തിമ തീരുമാനമുണ്ടാകുക.
കേസില്‍ റോയിക്ക് പ്രാദേശിക സഹായം ലഭിച്ചതായി വനംവകുപ്പ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ പ്രദേശവാസികളായ രണ്ടുപേരെ കൂടി ഉൾപ്പെടുത്തിയാണ് നിലവിൽ പ്രാഥമിക പരിശോധനയിൽ അറിഞ്ഞതുൾപ്പെടെ ചേർത്ത് പ്രതിപ്പട്ടിക വിപുലീകരിക്കുന്നത്.
മലയാറ്റൂരിൽ ആനക്കൊമ്പുമായി പിടിയിലായ അഖിലിനെ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ കാര്യസ്ഥന്റെ ഇടപെടൽ ഉൾപ്പെടെ അഖിൽ വ്യക്തമാക്കിയിരുന്നു. കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി അഖിൽ മൊഴി നൽകി.
ഈ സാഹചര്യത്തിലാണ് റോയിക്ക് പുറമെ കാര്യസ്ഥൻ ടെസി വർഗീസ്, ജിന്റോ, കുമളി സ്വദേശി സെബി, പട്ടിമറ്റം സ്വദേശികളായ അഖിൽ മോഹൻ, പി.എ. അനീഷ്, ആലപ്പുഴ സ്വദേശി ശ്യാംലാൽ, മാവേലിക്കര സ്വദേശി വി.ആർ. അനീഷ് കുമാർ എന്നിവരെ ഉൾപ്പെടെയാണ് കേസിൽ പ്രതി ചേർക്കുക. അഖില്‍ മുള്ളൂര്‍ക്കരയില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
പാലായിലെ സുഹൃത്തുക്കളെയാണ് സ്ഥലമുടമ ആനയുടെ ജഡം മറവ് ചെയ്യാൻ വിളിച്ചത്. എന്നാല്‍, അവരെത്തുന്നതിന് മുമ്പ് അഖില്‍ പകുതി കൊമ്പ് മുറിക്കുകയായിരുന്നു. റോയ് അറിയാതെയാണ് കൊമ്പ് മുറിച്ചതെന്ന് അഖില്‍ മൊഴി നല്‍കിയിരുന്നു. മുറിച്ചെടുത്ത കൊമ്പ് തോട്ടത്തില്‍ ഒളിപ്പിച്ചശേഷം പിന്നീട് കടത്തുകയായിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കി. എന്നാൽ, അന്വേഷണസംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
മറ്റ് സഹായങ്ങൾ ലഭിച്ചതും പരിശോധിക്കുന്നുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡനോട് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ വനംമന്ത്രി എ.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. വനം ഉദ്യോഗസ്ഥരുടെ വീഴ്ച ഉൾപ്പെടെ സർക്കാർ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ, കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ഈ ആനയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധനക്ക് സാമ്പിളുകൾ അയച്ചു.
ആന വൈദ്യുതാഘാതം ഏറ്റാണ് ചരിഞ്ഞത് എന്നതിന്റെ തെളിവുകൾ വെള്ളിയാഴ്ച തന്നെ അന്വേഷണസംഘത്തിന് ലഭിച്ചെങ്കിലും മറ്റു സാധ്യതകളും തള്ളുന്നില്ല. ആനക്ക് വിഷം നൽകിയിരുന്നോ എന്ന് കണ്ടെത്താൻ മണ്ണിന്റെ സാമ്പിളുകളും പരിശോധനക്ക് അയച്ചു.
രണ്ടര മാസത്തെ പഴക്കമാണ് തുടക്കത്തിൽ സംശയിച്ചതെങ്കിലും ആനയുടെ ജഡത്തിന് 20 ദിവസത്തെ പഴക്കമേയുള്ളൂവെന്ന് പിന്നീട് കണ്ടെത്തി. വേഗം അഴുകിപ്പോകാൻ എന്തെങ്കിലും രാസപദാർഥം കലർത്തിയോ എന്ന് സംശയം ഉയർന്നിട്ടുണ്ട്.
ചെറുതുരുത്തി: നേരത്തേ മേഖലയിലിറങ്ങിയ കാട്ടാനയെ തന്നെയാണോ മുള്ളൂർക്കര വാഴക്കോട് കൊന്നുകുഴിച്ചുമൂടിയതെന്ന് സംശയം. മേയ് പതിനൊന്നിന് വാഴക്കോട് പെട്രോൾ പമ്പിന് സമീപത്തെ മണിമലപറമ്പിൽ ജോർജ് തോമസിന്റെ വീട്ടുമുറ്റത്ത് എത്തിയ ആനയാണോ കൊല്ലപ്പെട്ടത് എന്നാണ് വനംവകുപ്പിന്റെ സംശയം. ആനയുടെ കൊമ്പിന്റെ ആകൃതിയും വളർച്ചയുമാണ് സംശയത്തിന് ആക്കം കൂട്ടിയിട്ടുള്ളത്.
മേയ് 12ന് പുലർച്ചയോടെയാണ് റോയിയുടെ വീടിനു അരകിലോമീറ്റർ അകലെ താമസിക്കുന്ന മണിമലപറമ്പിൽ ജോർജ് തോമസ് എന്നയാളുടെ വീട്ടുമുറ്റത്ത് കാട്ടാനയെത്തിയത്. വീട്ടുമുറ്റത്തെ മാവിന്റെ കൊമ്പ് ഒടിഞ്ഞുതൂങ്ങിയത് കണ്ടതിനെ തുടർന്ന് വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് കാട്ടാന വീടിനു മുന്നിലുള്ള മാവിൽനിന്ന് മാങ്ങ പറിച്ചുതിന്നുന്ന ദൃശ്യം കാണുന്നത്. പിന്നീട് ജോർജിന്റെ പറമ്പിലെ നാലോളം തെങ്ങുകളും വാഴയും കാട്ടാന നശിപ്പിച്ചതായി കണ്ടെത്തി.
ആദ്യമായാണ് കാട്ടാന പ്രദേശത്ത് എത്തുന്നതെന്നും വന്യമൃഗശല്യമകറ്റാൻ നടപടി സ്വീകരിക്കണമെന്നും ജോർജ് അന്ന് ആവശ്യപ്പെട്ടിരുന്നു. ജൂൺ 14നാണ് റോയിയുടെ റബർ എസ്റ്റേറ്റിൽ ഇലക്ട്രിക് ഷോക്കേറ്റ് ആന ചാവുന്നത്. തുടർന്ന് 15നാണ് റോയിയും സംഘവും ആനയുടെ മൃതദേഹം പൊട്ടക്കിണറ്റിൽ മൂടിയത്.
ചെറുതുരുത്തി: മരം എടുത്തുമാറ്റാനുണ്ടെന്ന് പറഞ്ഞായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ എക്സ്കവേറ്ററുകാരനെ വിളിച്ചത്. പക്ഷേ കണ്ടതാവട്ടെ ആനയുടെ ജീർണാവശിഷ്ടം. എക്സ്കവേറ്റർ ഡ്രൈവർ വിജീഷാണ് കിണറ്റിൽ മൂടിയ ആനയുടെ ജഡം പുറത്തെടുത്തത്. സ്ഥലം കാണിച്ചുകൊടുത്ത് ഇവിടെ മാന്താൻ പറഞ്ഞപ്പോൾ കള്ളന്മാർ വിലകൂടിയ വല്ല മരങ്ങളും കുഴിച്ചിട്ടിരിക്കുകയാണെന്നാണ് വിജീഷ് കരുതിയത്. എന്നാൽ, ആദ്യംതന്നെ ആനയുടെ മൃതദേഹത്തിന്റെ ഭാഗം കിട്ടി. രാവിലെ വന്ന് ഏറെ വൈകിയാണ് കുഴിയിൽനിന്ന് ജീർണിച്ച ജഡം പൂർണമായും പുറത്തെടുക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.