വടക്കാഞ്ചേരി: കുന്നിടിച്ചിൽ തുടരുമ്പോഴും അധികൃതർ നിസ്സംഗത പാലിക്കുകയാണെന്ന പരാതി ശക്തം. വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്തെ അപ്രോച്ച് റോഡിലെ കുന്നാണ് വീണ്ടുമിടിഞ്ഞ് അപായ സൂചന നൽകുന്നത്.മഴക്കെടുതിയോടനുബന്ധിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി തലപ്പിള്ളി താലൂക്ക് കോൺഫറൻസ് ഹാളിൽ ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടേയും എകോപന യോഗത്തിൽ ഗൗരവമായി ഈ വിഷയം ഉന്നയിച്ച്, ഉടൻ നടപടിയെടുക്കുമെന്നുള്ള പ്രഖ്യാപനവും അധികൃതർ വിസ്മരിച്ചതായി പരിസരത്തുള്ളവർ പറയുന്നു. തൃശൂർ-ഷൊർണൂർ സംസ്ഥാന പാത ഇതിന് സമീപത്താണ്. ഇടിഞ്ഞതിനോട് ചേർന്നുനിൽക്കുന്ന വീടും വൻ അപകട ഭീഷണിയിലാണ്. കുന്നിടിഞ്ഞതിനെ തുടർന്ന് പോസ്റ്റ് തകർന്ന് മേഖലയിലെ വൈദ്യുതി വിതരണവും താറുമാറായിട്ടുണ്ട്.
എരുമപ്പെട്ടി: മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന എരുമപ്പെട്ടി പഞ്ചായത്തിലെ കുട്ടഞ്ചേരി പറക്കുന്ന്, പാലപ്പെട്ടി, തൂവാറ തുടങ്ങിയ കുന്നുകളിൽ റവന്യൂ വകുപ്പ് അധികൃതരും ജനപ്രതിനിധികളും പരിശോധന നടത്തി. 2018 ലെ പ്രളയത്തിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുട്ടഞ്ചേരിയിലെ ഏതാനും വീടുകളിൽനിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. തുടർച്ചയായി മഴ പെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. വി.സി. ബിനോജ്, വാർഡ് അംഗം സ്വപ്ന പ്രദീപ്, വില്ലേജ് ഓഫിസർ അനീഷ്, വില്ലേജ് അസി. സുരേഷ്, ഫോറസ്റ് വാച്ചർ സുകു എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നിലവിൽ ആശങ്കപ്പെടാനുള്ള അവസ്ഥയില്ലെന്ന് അധികൃതർ അറിയിച്ചു. പ്രദേശവാസിയായ മോഹനൻ, ആർ.ആർ.ടി പ്രവർത്തകരായ ഷനോജ്, വിമലേഷ് കുമാർ, വിമോഷ്, ശ്രീധരൻ എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.
ചെറുതുരുത്തി: കിള്ളിമംഗലം ചെറക്കോണം ഒലിപ്പാറക്കുന്ന് ഗ്രാമത്തിൽ മണ്ണിടിഞ്ഞതിനാൽ 42 കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ ജില്ല കലക്ടർ ഉത്തരവിട്ടതായി പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ അറിയിച്ചു. കിള്ളിമംഗലം ഗവ. സ്കൂളിലേക്കാണ് മാറ്റിയത്. ഒലിപ്പാറകുന്ന് പ്രദേശത്ത് പ്രവർത്തിക്കുന്ന വൃദ്ധസദനത്തിലുള്ള അന്തേവാസികളെ അടക്കം മാറ്റി താമസിപ്പിക്കാനാണ് തീരുമാനം. 2018ലെ പ്രളയത്തിലും ഇവിടുത്തെ വീട്ടുകാരെ മാറ്റി താമസിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.