വടക്കാഞ്ചേരി: നഗരസഭയിലെ മുണ്ടത്തിക്കോട് പുലിക്കുന്നത്ത് പുലി ഭീതി ഉയർന്ന സാഹചര്യത്തിൽ വനം വകുപ്പ് സ്ഥാപിച്ച നാല് കാമറകളിൽ ഒരാഴ്ച പിന്നിട്ടിട്ടും പുലി ചിത്രമില്ല.
വന്യമൃഗങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്ന പ്രദേശത്തെ ക്വാറി പരിസരത്ത് സ്ഥാപിച്ച കാമറയിൽ കുറുക്കനും ധാരാളം പന്നികളും പതിഞ്ഞിട്ടുണ്ട്. പുലിക്കുന്നത്ത് അയ്യങ്കേരി അലക്സിന്റെ വീട്ടിൽ കഴിഞ്ഞ ആഴ്ച രാത്രി പുലിയെ കണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. നായയുടെ കുര കേട്ട് അലക്സും കുടുംബവും പുറത്തിറങ്ങിയപ്പോൾ നായക്കൂടിന് സമീപമാണ് പുലിയെ കണ്ടത്.
നഗരസഭ കൗൺസിലർ കെ. അജിത് കുമാർ അറിയിച്ചതിനെ തുടർന്ന് പഴവൂർ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, മെഡിക്കൽ കോളജ് പൊലീസ് എന്നിവർ എത്തി പരിശോധന നടത്തി. മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിക്കുകയും ചെയ്തു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിക്കുകയും ചെയ്തു.
പുലിയെ കണ്ടുവെന്ന് പറയുന്ന അലക്സിന്റെ വസതി, പ്രദേശത്തെ ക്വാറി എന്നിവിടങ്ങളിലടക്കമാണ് നാല് കാമറകൾ സ്ഥാപിച്ചത്. ദൃശ്യങ്ങൾ സ്ഥിരമായി പരിശോധിക്കുന്നുണ്ട്. കുറച്ചു ദിവസം കൂടി ഇത് തുടരാനാണ് തീരുമാനം. കാമറ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചും പരിശോധന നടത്തും. പുലി ഈ ഭാഗത്തൊന്നും ഇല്ല എന്നാണ് ഇതുവരെയുള്ള നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.