ഗുരുവായൂര്‍: കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളില്‍ മുന്‍നിരയിലുള്ള ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ ഭാഗമായാണ് ഗാന്ധിജി ഗുരുവായൂരിലെത്തിയയത്. ഗാന്ധിജിയുടെ അനുമതിയോടെ 1931 നവംബര്‍ ഒന്നിനാണ് സമരം ആരംഭിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹിന്ദു മതത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രവേശന അനുമതി നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. സമരത്തിന്റെ ഭാഗമായി 1932 സെപ്റ്റംബര്‍ 21ന് കെ. കേളപ്പന് നിരാഹാരം ആരംഭിച്ചു.
അദ്ദേഹം അവശനായതോടെ ക്ഷേത്രം എല്ലാവര്‍ക്കുമായി തുറക്കാനുള്ള ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്ന് പ്രഖ്യാപിച്ച ഗാന്ധിജി നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. 1932 ഒക്ടോബര്‍ ഒന്നിന് കേളപ്പന് നിരാഹാരം അവസാനിപ്പിച്ചു. ക്ഷേത്രം എല്ലാവര്‍ക്കുമായി തുറക്കുക എന്ന ലക്ഷ്യം നേടാതെ സത്യഗ്രഹം അവസാനിപ്പിച്ചു. സമരത്തിന്റെ തുടര്‍ച്ചയായാണ് 1934 ജനുവരി 11ന് ഗാന്ധിജി ഗുരുവായൂരിലെത്തിയത്. ഗാന്ധിജി പങ്കെടുക്കുന്ന യോഗം അലങ്കോലപ്പെടുത്താന്‍ സവര്‍ണ പ്രമാണിമാര്‍ ശ്രമിച്ചു. പ്രസംഗിക്കാന്‍ ഉദ്ദേശിച്ച സ്ഥലം അവര്‍ ഇടപെട്ട് മുടക്കി. സത്യഗ്രഹ അനുകൂലിയായ കിടുവത്ത് കൃഷ്ണന് നായരുടെ പാടമാണ് പിന്നീട് സമ്മേളന വേദിയായത്. ഇന്നത്തെ നഗരസഭ ലൈബ്രറി നില്‍ക്കുന്നത് ഈ സ്ഥലത്താണ്. അനേകായിരങ്ങള്‍ ഗാന്ധിജിയുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടിയിരുന്നു. ‘നേരം പുലരുന്നതിന് മുമ്പ് തന്നെ മഞ്ജുളാലിന് വടക്ക് വശത്തുള്ള വയല്‍ ജനനിബിഢമായിരുന്നു’ എന്നാണ് അന്ന് മാധ്യമങ്ങള്‍ രേഖപ്പെടുത്തിയത്.
ഗാന്ധിയെത്തുന്നതിന് 20 മിനിറ്റ് മുമ്പ് സവര്‍ണ പ്രമാണിമാരില്‍ ചിലര്‍ വേദി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. യോഗം കലക്കാനെത്തിയവരും ഗാന്ധിയെ കാണാനെത്തിയവരും തമ്മില്‍ ബലപ്രയോഗവും നടന്നു. സംഘര്ഷങ്ങള്ക്കിടയിലേക്കാണ് ഗാന്ധി കാറില്‍ വന്നിറങ്ങിയത്. അതോടെ എല്ലാം ശാന്തമായി. തനിക്കെതിരെ പ്രതിഷേധിച്ചവരുടെ നേതാക്കളുമായി സംസാരിക്കുകയാണ് ആദ്യം ഗാന്ധി ചെയ്തത്. സംഘട്ടനത്തില്‍ പരിക്കേറ്റ് കിടന്നവരെ താന്‍ വന്ന കാറില്‍ ചികിത്സക്കായി കൊണ്ടുപോകാൻ ഏര്‍പ്പാടും നടത്തി. ഗാന്ധിജി ഗുരുവായൂരിലെത്തി പ്രസംഗിച്ച സ്ഥലത്ത് 1975 ഒക്ടോബര്‍ 18ന് ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചു. പിന്നീട് 2014ല്‍ നഗരസഭ ഇവിടെ സ്മൃതി മണ്ഡപം ഒരുക്കി. ഗാന്ധിജിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന്റെ 90ാം വാര്‍ഷികം കേരള ഹരിജന്‍ സേവക് സംഘിന്റെ നേതൃത്തില്‍ ആഘോഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗാന്ധിയുടെ ചെറുമകന് തുഷാര്‍ ഗാന്ധി സ്മൃതി മണ്ഡപത്തിലെത്തിയിരുന്നു.
മണികണ്ഠനാല്ത്തറയായിരുന്നു തൃശൂരിലെ സ്വാതന്ത്ര്യ സമരത്തിന്റെ മുഖം. മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെല്ലാം പ്രസംഗിച്ചത് മണികണ്ഠനാല്ത്തറയിലായിരുന്നു. ഇന്നിപ്പോൾ ഇവിടം ക്ഷേത്രസമാനമാണ്. വല്ലാതെ സമരമുഖരിതമായപ്പോൾ ആളുകള്‍ ഇവിടെ ഗണപതി പ്രതിമ സ്ഥാപിക്കുകയായിരുന്നു. ഇതോടെ സമര മുഖം തേക്കിന്‍കാട്ടിലെ വിദ്യാർഥി കോര്‍ണറിലേക്കും ലേബര്‍ കോര്‍ണറിലേക്കും മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.