ആമ്പല്ലൂര്‍: പാലപ്പിള്ളിയില്‍ കാടിറങ്ങിയ പ്രശ്നക്കാരായ കാട്ടാനകളെ റേഡിയോ കോളറിങ് ചെയ്യാനുള്ള സാധ്യതയും വനം വകുപ്പ് ആലോചിക്കുന്നു. കാട്ടാനശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് മുത്തങ്ങയില്‍നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ പാലപ്പിള്ളിയില്‍ കൊണ്ടുവന്നിരുന്നു. കാടിറങ്ങിയ കാട്ടാനകളെ കാട്ടിലേക്ക് തുരത്താനാണ് പരിശീലനം ലഭിച്ച കുങ്കിയാനകളെ കൊണ്ടുവന്നത്. ഞായറാഴ്ച ഈ ആനകളെ ഉപയോഗിച്ച് കുട്ടന്‍ചിറ തേക്കുതോട്ടത്തില്‍ മാസങ്ങളായി തമ്പടിച്ചിരിക്കുന്ന ഒറ്റയാനെ കാട്ടിലേക്ക് തിരിച്ചയക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മാത്രമല്ല, പ്രകോപിതനായ ഒറ്റയാന് ദൗത്യസംഘത്തിലെ ആര്.ആര്.ടി അംഗത്തെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് തിങ്കളാഴ്ച ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ആക്രമണത്തിനുശേഷം ഒറ്റയാന് കുട്ടന്‍ചിറയില്‍ വീണ്ടും എത്തിയില്ലെന്ന് വനപാലകര്‍ പറഞ്ഞു. ചൊവ്വാഴ്ച കുട്ടന്ചിറയിലും സമീപപ്രദേശങ്ങളിലും സംഘാംഗങ്ങള്‍ കുങ്കിയാനകളുമായി ദൗത്യം പുനരാരംഭിക്കും. ആനത്താരകളുടെ ഡിജിറ്റല്‍ മാപ് നോക്കിയാണ് തിരച്ചില്‍ നടത്തുന്നത്. അതേസമയം, പ്രശ്നക്കാരായ കാട്ടാനകളെ തിരച്ചിലില്‍ കണ്ടെത്തിയാല്‍ മയക്കുവെടിവെച്ച് റേഡിയോ കോളറിങ് ചെയ്യാനും വനപാലകരും ദൗത്യസംഘവും ആലോചിക്കുന്നുണ്ട്. കോളറിങ് ചെയ്യുന്നതിലൂടെ ആ ആനയുടെ സഞ്ചാരപാതയും സാമീപ്യവും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുമെന്ന് പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ പ്രേം ഷെമീര്‍ പറഞ്ഞു. കോളറിങ് നടത്തിയ ആനകള്‍ നാട്ടിലിറങ്ങിയാല്‍ പെട്ടെന്ന് കണ്ടെത്താനും കാടുകയറ്റാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.