ആമ്പല്ലൂർ: പാലപ്പിള്ളി കാരിക്കുളം ജനവാസമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. ആനകൾ റബർ തോട്ടത്തിലെ പാൽപുരയും പാൽ സംഭരിക്കുന്ന ഡ്രമ്മുകളും തകർത്തു. ബുധനാഴ്ച രാവിലെ ഒമ്പത് ആനകളാണ് നാട്ടിലിറങ്ങിയത്. കാരികുളത്ത് തമ്പടിച്ച ആനകളെ പിന്നീട് നാട്ടുകാർ ചേർന്ന് തുരത്തുകയായിരുന്നു. തുടർന്ന് പിള്ളത്തോട് ഭാഗത്തെത്തിയ ആനകൾ റോഡ് മുറിച്ചുകടന്ന് നടാമ്പാടത്തെ റബർ തോട്ടത്തിലെത്തി.
കൂട്ടത്തോടെയെത്തിയ ആനകളെ കണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള തോട്ടം തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു. പഞ്ചായത്ത് അംഗം എം.ബി. ജലാലിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് വാച്ചർമാരും തൊഴിലാളികളും ചേർന്ന് ആനകളെ കാട്ടിലേക്ക് തുരത്തി. കള്ളായി ഭാഗത്തേക്ക് പോയ ആനകൾ വീണ്ടും ഇറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
തുടർച്ചയായി ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങി നാശം വിതച്ചിട്ടും വനപാലകർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. വിഷയത്തിൽ കഴിഞ്ഞദിവസം ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ യോഗം ചേർന്നെങ്കിലും ആനകളെ കാടുകയറ്റാനുള്ള തീരുമാനങ്ങളൊന്നും എടുത്തില്ല.
നേരം വെളുത്തതിനുശേഷം ടാപ്പിങ്ങിന് ഇറങ്ങിയാൽ മതിയെന്നും തൊഴിലാളികൾ ഒന്നിച്ച് ഒരു ഭാഗത്ത് ടാപ്പിങ് നടത്തണമെന്നും വനംവകുപ്പ് അധികൃതർ നിർദേശിച്ചു. എന്നാൽ, നിർദേശം പ്രയോഗികമല്ലെന്ന് തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.