തൃശൂർ: ‘മഹാലക്ഷ്മി’യിലെ വനിതകളുടെ കുറച്ച് കാലമായുള്ള മോഹമാണ് വിമാനയാത്ര. തങ്ങളെപ്പോലുള്ളവർ കൂട്ടായി വിമാനത്തിൽ ഉല്ലാസയാത്ര നടത്തുന്നതിന്റെ വാർത്തകൾ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ അവരുടെ ആഗ്രഹം വീണ്ടും മുളക്കും. ഒടുവിൽ ആ സ്വപ്നത്തിന് ഇന്ന് ചിറകുമുളക്കും.
വ്യാഴാഴ്ച അവർ 36 പേർ കൊച്ചിയിൽനിന്ന് വിമാനത്തിൽ കയറി പറക്കും. രാവിലെ 8.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നു ബംഗളൂരുവിലേക്കാണ് യാത്ര. നഗരത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ച് വൈകീട്ട് ട്രെയിനിൽ നാട്ടിലേക്കു തിരിക്കും.
അടാട്ട് പഞ്ചായത്തിലെ നാലാം വാർഡിലെ കുടുംബശ്രീ അയൽക്കൂട്ടം യൂനിറ്റുകളിൽ ഒന്നാണ് മഹാലക്ഷ്മി. ഏതാണ്ടെല്ലാവരും 50ന് മുകളിൽ പ്രായമുള്ളവർ. 73 വയസ്സുള്ള ചന്ദ്രിക വരെ കൂട്ടത്തിലുണ്ട്. അയൽക്കൂട്ടം അംഗങ്ങളുടെ വീടുകളിൽനിന്ന് ഒമ്പതും 10ഉം വയസ്സുള്ള രണ്ടു കുട്ടികളും യാത്രയുടെ ഭാഗമാണ്.
2002 മുതൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന യൂനിറ്റാണിത്. വിമാനയാത്രക്കുള്ള മോഹം തുടങ്ങിയപ്പോൾ മുതൽ എല്ലാവരും ചെറിയരീതിയിൽ അംഗങ്ങൾക്കിടയിൽ പിരിവ് തുടങ്ങി. അങ്ങനെ സമാഹരിച്ച തുകയാണ് പ്രധാന മൂലധനം.
യാത്രാ അംഗങ്ങൾക്ക് ആശംസയറിയിക്കാൻ ബുധനാഴ്ച വൈകീട്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ എത്തി. പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എസ്. ശിവരാമൻ, നാലാം വാർഡ് അംഗം സോണി തരകൻ, കുടുംബശ്രീ ചെയർപേഴ്സൻ ധന്യ നന്ദകുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.