പഴഞ്ഞി: വിധിയെ തോൽപിക്കുകയാണ് ഈ അധ്യാപകർ. കാഴ്ച വൈകല്യത്തെ മറികടന്ന് ഇവർ മൈലുകൾ താടി പള്ളിക്കൂടത്തിൽ എത്തുന്നത് ഏറിയ നിശ്ചയദാർഢ്യത്തോടും ആത്മ ധൈര്യത്തോടും കൂടി. പഴഞ്ഞി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരാണ് കാർത്തികേയനും നിവി മാത്യുവും. കഴിഞ്ഞ 17 വർഷമായി ഒരേ സ്കൂളിലെ അധ്യാപകനായി കാർത്തികേയൻ പ്രവർത്തിക്കുമ്പോൾ നിവി മാത്യു ഈ അധ്യയന വർഷത്തിലാണ് പഴഞ്ഞിയിൽ എത്തുന്നത്. ജന്മന കാഴ്ച വൈകല്യമുള്ള കാർത്തികേയൻ ചാവക്കാട് തിരുവത്ര കോട്ടപ്പുറം സ്വദേശിയാണ്. ദിവസവും സ്കൂളിലെത്താൻ മൂന്നുബസിലെങ്കിലും കയറിയിറങ്ങണം. ആദ്യമൊക്കെ സ്കൂളിൽ എത്തുന്നത് ഏറെ പ്രയാസമായിരുന്നെങ്കിലും വർഷങ്ങൾ പിന്നിട്ടതോടെ അതും എളുപ്പമായി. അധ്യാപകരുടെ സഹകരണവും പി.ടി.എയുടെ പിൻതുണയും ആവേശമേകിയതോടെ മറ്റൊരിടത്തേക്കും മാറി പോകാൻ താൽപര്യം തോന്നിയില്ലെന്ന് കാർത്തികേയൻ പറയുന്നു.
കോട്ടപ്പുറം ഗവ. യു.പി സ്കൂളിലും കോഴിക്കോട് കല്ലായി ഗവ. സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. അതിനാൽ െബ്രയിൽ സംവിധാനം പഠിക്കാനും കഴിഞ്ഞില്ല. ഭാര്യയുടെയും മക്കളുടെയും സഹായത്തോടെ റെക്കോഡ് ചെയ്തത് കേട്ടുകൊണ്ടാണ് ക്ലാസെടുക്കുന്നത്. തൃശൂർ കേരള വർമ കോളജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ വലപ്പാടുള്ള ബി.എഡ് സെൻറർ എന്നിവിടങ്ങളിൽനിന്നാണ് വിദ്യാഭ്യാസം നേടിയത്. കഴിഞ്ഞ 10 വർഷമായി അധ്യാപന സേവനത്തിൽ കഴിയുന്ന നിവി മാത്യുവിന് പഴഞ്ഞി ഗവ. സ്കൂളിലാണ് ആദ്യ നിയമനം ലഭിക്കുന്നത്. സർവശിക്ഷ കേരളയുടെ കീഴിൽ വൈകല്യമുള്ള വിദ്യാർഥികളെ പഠിപ്പിക്കാനാണ് അളഗപ്പ നഗറിലെ എ.പി.എച്ച്.എസ്.എസിൽ 2011ൽ പ്രവേശിച്ചത്.
45കാരിയായ നിവി ടീച്ചർക്ക് 1991ലാണ് പൂർണമായും കാഴ്ച നഷ്ടപ്പെട്ടത്. അധ്യാപക കുടുംബത്തിൽ ജനിച്ച ഇവർക്ക് അധ്യാപികയാകണമെന്നായിരുന്നു ചെറുപ്പം മുതലേ മോഹം. ആലുവ കുട്ടമശ്ശേരി ഗവ. ഹൈസ്കൂളിൽനിന്ന് അധ്യയനം പൂർത്തിയാക്കിയ നിവി തൃശൂർ കേരള വർമ കോളജിൽനിന്ന് ബിരുദം നേടി തുടർന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ നാട്ടികയിലെ ബി.എഡ് സെൻററിൽനിന്ന് ബി.എഡും കരസ്ഥമാക്കി. കാഴ്ച വൈകല്യം ജോലിക്ക് ഒരു ഭീഷണിയാകുന്നില്ലെന്ന് ഇവർ പറയുന്നു. ആമ്പല്ലൂർ കല്ലൂർ അന്തിക്കാട് വീട്ടിൽ അധ്യാപക ദമ്പതികളായ മാത്യു-ശാന്തയുടെ മൂത്തമകളാണ് നിവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.