കനകക്കുന്നിലേക്ക് പോരൂ; എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി 'എന്റെ കേരളം'

തിരുവനന്തപുരം: ജില്ലയിലെ വിവിധ സംരംഭകരുടെ ഉൽപന്നങ്ങളും സര്‍ക്കാര്‍ സേവനങ്ങളും അണിനിരത്തി കനകക്കുന്നില്‍ വെള്ളിയാഴ്ച ആരംഭിച്ച 'എന്റെ കേരളം' മെഗാ മേളയില്‍ ആഘോഷ നിറവ്. 150 സ്റ്റാളുകളിലായി വിവിധ ഉൽപന്നങ്ങള്‍ വാങ്ങാം. പൊതുജനങ്ങള്‍ക്ക് സൗജന്യമായി തത്സമയ സേവനങ്ങള്‍ നല്‍കുന്നതിന് പതിനഞ്ചോളം വകുപ്പുകള്‍ ഒരുക്കുന്ന 20 ഓളം സേവന സ്റ്റാളുകള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന 104 പ്രദര്‍ശന സ്റ്റാളുകള്‍, ചെറുകിട സംരംഭകരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഉൽപന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ കഴിയുന്ന 150 ഓളം വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവ മേളയുടെ ഭാഗമാകും. പ്രവേശനം രാവിലെ 10 മുതല്‍ വൈകീട്ട് 10 വരെ. മുള, ഈറ്റ, ചിരട്ട തുടങ്ങിയ ജൈവ വസ്തുക്കളാല്‍ നിര്‍മിച്ച കരകൗശല വസ്തുക്കളും പാചക സഹായ ഉപകരണങ്ങളും ആദ്യദിനം തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചു. ചെറുകിട സംരംഭകര്‍ തയാറാക്കിയ ശുദ്ധമായ വെളിച്ചെണ്ണ, തേന്‍, കൂൺ വിഭവങ്ങള്‍, പലഹാരങ്ങള്‍ എന്നിവ വിപണിവിലയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് വില്‍പന നടത്തുന്നത്. ബാലരാമപുരം കൈത്തറി, ഖാദി വസ്ത്രങ്ങളുടെയും പ്രാദേശികമായി നിര്‍മിച്ച വിവിധ ആഭരണങ്ങളുടെ വില്‍പനയും മേളയില്‍ ഉള്‍പ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.