തിരുവനന്തപുരം: ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട തിരുവിതാംകൂൾ സഹകരണ സംഘം തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് നൽകിയ റിപ്പോർട്ട് അവ്യക്തമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മടക്കി. സഹകരണ സംഘത്തിൽ എപ്പോൾ മുതലാണ് സാമ്പത്തിക ശോഷണം ഉണ്ടായത്, ഓഡിറ്റിങ് സംബന്ധിച്ച പോരായ്മകൾ, ഓഡിറ്റിങ് നടത്തിയവരെ സംബന്ധിച്ച വിവരങ്ങൾ ഒഴിവാക്കിയത് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വ്യക്തത വരുത്താൻ റിപ്പോർട്ട് സഹകരണ വകുപ്പിന് പൊലീസ് തിരിച്ചയച്ചത്. സംഘത്തിന്റെ 65 നിയമപ്രകാരമുള്ള റിപ്പോർട്ടിൽ 2003 മുതൽ ആസ്തി, മൂല്യശോഷണം സംഭവിച്ചുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
തുടക്കത്തിൽ 3000 ത്തോളം രൂപയുടെ മൂല്യശോഷണമായിരുന്നെങ്കിൽ 2019- 20 കാലയളവയപ്പോഴേക്കും അത് 21 കോടിയോളം രൂപയുടെ മൂല്യശോഷണം ഉണ്ടായി. പലതരത്തിലുമുള്ള ചിലവിനങ്ങളിലായി ഭീമമായ തുക ചെലവിട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തട്ടിപ്പിനിരയായവർ ഓരോദിവസവും പൊലീസിൽ പരാതിയുമായിഎത്തുകയാണ്. ഫോർട്ട്, മെഡിക്കൽ കോളജ് സ്റ്റേഷനുകളിലായി 58 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം മെഡിക്കൽ കോളജിൽ ഏഴ് കേസുകളും ഫോർട്ടിൽ മൂന്ന് കേസുകളും രജിസ്റ്റർ ചെയ്തു.
ആകെ 92 പേരാണ് പരാതിക്കാരാണുള്ളത്. ഈ പരാതിയിലെല്ലാം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഘം മുൻ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരെ പ്രതിചേർത്താണ് പൊലീസ് കേസെടുത്തത്. ഇതുവരെയുള്ള കണക്ക് പ്രകാരം മൂന്നുകോടിയോളം രൂപയാണ് ഇടപാടുകാർക്ക് നൽകാനുള്ളത്. സ്റ്റാച്യു സ്വദേശിനിയുടെ പരാതിയിലാണ് ആദ്യം കേസ് എടുത്തത്. ഇവർക്ക് 8.5 ലക്ഷം രൂപയാണ് നഷ്ടമായത്. 2017 മാർച്ച് നാലുമുതൽ ഇവർ പലതവണകളായി പണം നിക്ഷേപിച്ചു. കഴിഞ്ഞ ഏപ്രിൽ 28ന് നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയായെങ്കിലും പണം തിരികെ നൽകിയില്ല.
വെള്ളനാട് സ്വദേശിക്ക് 20 ലക്ഷം രൂപയും വഞ്ചിയൂർ ചിറക്കുളം സ്വദേശിനിക്ക് 4.70 ലക്ഷം രൂപയും ലഭിക്കാനുണ്ട്. നിക്ഷേപകരെ പല അവധികൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ മാസം 22ന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ അധികൃതർ കൈമലർത്തി. ഇതോടെയാണ് നിക്ഷേപകർ പൊലീസിൽ പരാതിയുമായി രംഗത്തുവന്നത്. 2004ൽ പ്രവർത്തനം ആരംഭിച്ച സഹകരണ സംഘം ഇപ്പോൾ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.