മകളുടെ മുന്നിൽ​ അമ്മക്കുനേരെ യുവതിയുടെ ക്രൂരമർദ്ദനം; രണ്ട്​ ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റുചെയ്യാതെ പൊലീസ്​

തിരുവനന്തപുരം: എഴാംക്ലാസുകാരിയായ മകളുടെ മുന്നിലിട്ട് പൊതുനിരത്തിൽ അമ്മക്കുനേരെ യുവതിയുടെ ക്രൂരമർദ്ദനം; സംഭവത്തിൽ 324, 326 വകുപ്പുകൾ ചേർത്ത് മ്യൂസിയം പൊലീസ് കേസെടുത്തു. എന്നാൽ സംഭവത്തി‍ൻെറ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പ്രതിയുടെ പേര് എഫ്.ഐ.ആറിൽ ചേർക്കാനോ അറസ്റ്റ് രേഖപ്പെടുത്താനോ രാത്രി വൈകിയും നടപടികളുണ്ടായില്ല. അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് ഭാഷ്യം. വ്യാഴാഴ്ച ഉച്ചയോടെയായായിരുന്നു സംഭവം. ശാസ്തമംഗലത്ത് ബ്യൂട്ടിപാലർ നടത്തുന്ന സ്ത്രീയാണ് മരുതംകുഴി സ്വദേശിനിയെ മകളുടെ മുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി. അടികൊണ്ട് സ്ത്രീ തറയിൽ വീണിട്ടും മർദ്ദനം തുടരുകയായിരുന്നു. ചെരുപ്പുപയോഗിച്ച് അടിക്കുന്നതും മുഖത്തടിക്കുന്നതും അടിയേറ്റ സ്ത്രീ നിലത്തുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ സമയം സ്ത്രീയുടെ മകൾ കരഞ്ഞുകൊണ്ട് തൊട്ടടുത്ത് നിൽക്കുന്നുണ്ട്. മർദ്ദനം രൂക്ഷമായതോടെ തൊട്ടടുത്തു നിൽക്കുന്നവർ മർദ്ദിക്കുന്ന സ്ത്രീയെ പിടിച്ചുമാറ്റാനും ശ്രമിക്കുന്നുണ്ട്​. ത‍ൻെറ ​കൈയ്യിലിരുന്ന വള പിടിച്ചുവാങ്ങാനും മർദ്ദിച്ച സത്രീ ശ്രമിച്ചതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കടക്ക്​ മുന്നിൽ വച്ച് ഫോൺ ചെയ്യാൻ ശ്രമിച്ചതാണ് മർദ്ദനത്തിന് കാരണമെന്ന് പരാതിക്കാരി പറയുന്നു. തൊട്ടടുത്ത കേരളാ ബാങ്കിൽ പണയം വയ്ക്കാൻ വന്നതാണിവർ. ഫോൺചെയ്യുന്നതിനിടെ ബ്യൂട്ടിപാർലറിൽ എത്തിയ മറ്റൊരുസ്ത്രീയുമായി ഉണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ്​ പൊലീസ് ഭാഷ്യം. വള മോഷണം തടഞ്ഞതെന്നാണ് ബ്യൂട്ടിപാർലർ ഉടമയുടെ വിശദീകരണം. ബി-ടെക് ബിരുദധാരിയാണ് മർദ്ദനമേറ്റ യുവതി. ശാസ്തമംഗലം സ്വദേശിയാണ്​ പ്രതിയെന്നും ഇവരെ അന്വേഷിച്ചുവരികയാണെന്നും മ്യൂസിയം പൊലീസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.