എൽ.ഡി.സി കണക്കുകൾ പുറത്തുവിട്ട് കോച്ചിങ് സെന്‍ററുകൾ, വിജിലൻസ് അന്വേഷിക്കുമെന്ന് പി.എസ്.സി

തിരുവനന്തപുരം: എൽ.ഡി.സി റാങ്ക് പട്ടിക സംബന്ധിച്ച് സ്വകാര്യ മത്സരപരീക്ഷ പരിശീലന കേന്ദ്രങ്ങൾ പുറത്തുവിടുന്ന കണക്കുകളിൽ അന്വേഷണം നടത്താൻ പി.എസ്.സി. എൽ.ഡി.സി റാങ്ക് പട്ടികയിൽ ഉൾപ്പെടാവുന്ന ഉദ്യോഗാർഥികളുടെ കണക്കുകൾ ജില്ല തിരിച്ച് ടെലഗ്രാം ഗ്രൂപ്പുകളിലൂടെയും മറ്റ്​ മൊബൈൽ ആപ്പുകളിലുടെയും സ്വകാര്യ പരീക്ഷ പരിശീലനകേന്ദ്രങ്ങൾ കഴിഞ്ഞദിവസം പുറത്തുവിട്ടതോടെയാണ് ഇതുസംബന്ധിച്ച് അന്വേഷിക്കാൻ ചെയർമാൻ എം.കെ. സക്കീർ പി.എസ്.സി വിജിലൻസിന് നിർദേശം നൽകിയത്. മേയിൽ എൽ.ഡി.സി, എൽ.ജി.എസ് റാങ്കുപട്ടികകൾ പി.എസ്.സി പ്രസിദ്ധീകരിക്കാനിരിക്കെയാണ് റാങ്ക് പട്ടികയുടെ ജില്ല തിരിച്ച കണക്കും ഓരോ ജില്ലയിലെയും സാധ്യത കട്ട് ഓഫ് മാർക്കും പുറത്തുവന്നത്. വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ പരിശീലന കേന്ദ്രങ്ങൾ പുറത്തുവിട്ട കണക്കുകൾ വസ്തുതാപരമല്ലെന്ന് കണ്ടെത്തി. എങ്കിലും ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് നടപടി വേണമെന്ന നിലപാടിലാണ് ചെയർമാൻ. മേയ്​ ഒമ്പതിന് ചേരുന്ന പി.എസ്​.സി യോഗം വിഷയം ചർച്ച ചെയ്ത് തുടർനടപടി സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.