തിരുവനന്തപുരം: കൃത്രിമമായി കോശങ്ങളും കലകളും പ്രിന്റ് ചെയ്യാൻ സാധിക്കുന്ന ‘ജൈവ മഷി’ (ബയോ ഇങ്ക്) വികസിപ്പിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ് ടെക്നോളജി. ഭാവിയിൽ ആരോഗ്യമേഖലയിലെ നിർണായക ചുവടുവെപ്പായി കരുതുന്ന സാങ്കേതികവിദ്യയാണ് കോശങ്ങൾ ഉപയോഗിച്ച് കൃത്രിമ അവയവങ്ങൾ പ്രിന്റ് ചെയ്യാൻ സാധിക്കുന്ന ത്രീഡി ബയോ പ്രിന്റിങ്. ഇതിനുപയോഗിക്കുന്ന മഷിയാണ് ഇന്ത്യയിലാദ്യമായി ശാസ്ത്രജ്ഞരായ പി.ആർ. അനിൽകുമാർ, ഷൈനി വേലായുധൻ എന്നിവർ ചേർന്ന് കണ്ടെത്തിയത്.
ഉടൻ മനുഷ്യരില്‍ സാധ്യമല്ലെങ്കിലും കൃത്രിമമായി നിർമിച്ച ത്രിമാന കലകള്‍ ഭാവിയില്‍ നൂതന പുനരുജ്ജീവന ചികിത്സാരീതി വഴി അവയവം മാറ്റിവെക്കലിനും കേടായവ പ്രവര്‍ത്തനക്ഷമമാക്കാനും സഹായിക്കും. രാജ്യത്ത് ബയോപ്രിന്റിങ് ആരംഭിച്ചിട്ടില്ലെങ്കിലും ഭാവിയിലേക്കുള്ള കരുതലെന്ന നിലയിലാണ് കണ്ടെത്തലിനെ പരിഗണിക്കുന്നത്. ഇന്ത്യയിലെ ആദ്യ തദ്ദേശീയ പേറ്റന്റും ഈ ജൈവ മഷിക്ക് ലഭിച്ചു.
ക്യാപ്സ്യൂൾ ആവരണത്തിലും ഐസ്ക്രീമിലും മറ്റും ഉപയോഗിക്കുന്ന ജലാറ്റിനെ രാസപ്രക്രിയക്ക് വിധേയമാക്കിയാണ് ജൈവമഷി വികസിപ്പിച്ചത്. വെള്ളത്തിൽ വേഗത്തിൽ ലയിക്കുമെന്നതാണ് ജലാറ്റിന്റെ പ്രത്യേകത.
നിലവിൽ മൃഗങ്ങളിലാണ് മരുന്നുപരീക്ഷണം നടക്കുന്നത്. പിന്നീട് മനുഷ്യരിൽ നടത്തി വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് മരുന്ന് പരീക്ഷണം മാറ്റുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ വ്യത്യസ്ഥമാകാന്‍ സാധ്യതയുണ്ട്. എന്നാൽ, ജൈവമഷി ഉപയോഗിച്ചുള്ള ബയോ ത്രീഡി പ്രിന്റിങ്ങിലൂടെ കൃതൃമ കലകൾ നിർമിക്കുന്നതോടെ മൃഗങ്ങൾക്ക് പകരം കൃതൃമ കലകളിൽ മരുന്ന് പരീക്ഷിക്കാനാകുമെന്ന് അനിൽകുമാർ പറഞ്ഞു. മൃഗങ്ങളില്ലാതെ ലാബുകളില്‍ കൂടുതല്‍ വിശ്വാസയോഗ്യമായ പരീക്ഷണങ്ങള്‍ നടത്താം. ഒരു പ്രത്യേക രോഗിയുടെ കോശങ്ങള്‍ വിവിധ മരുന്നുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് മനസ്സിലാക്കി വ്യക്തിഗത ചികിത്സകളും നടത്താം.
അവയവങ്ങളില്‍നിന്ന് വേര്‍തിരിച്ചെടുത്ത കോശങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമായ അവയവഘടനകളെ കൃത്രിമമായി നിർമിക്കാമെന്നതാണ് രണ്ടാമത്തെ സാധ്യത. ഇതിന് ഏറെ കടമ്പകൾ കടക്കാനുണ്ട്. വർഷങ്ങളുമെടുക്കും. ബയോ ഇങ്കിന്റെ സാങ്കേതികവിദ്യ കൊച്ചി കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന സയര്‍ സയന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ‘സയര്‍ ചിത്ര ജല്‍മ യു.വി.എസ് ബയോ ഇങ്ക്’ എന്ന വ്യാപാരനാമത്തില്‍ വാണിജ്യവത്കരണത്തിനും തുടക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.