തിരുവനന്തപുരം: കൊലപാതകശ്രമം, പിടിച്ചുപറി, കൂലിത്തല്ല്, എക്സ്പ്ലോസീവ് ആക്ട്, മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാവിരുദ്ധ നിയമപ്രകാരം മൂന്ന് തവണ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള ആളുമായ കണിയാപുരം ചിറ്റാറ്റുമുക്ക് ലക്ഷം വീട്ടിൽ പഞ്ചായത്ത് ഉണ്ണി എന്നു വിളിക്കുന്ന രതീഷിനെ (38) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
കഠിനംകുളം, ചാന്നാങ്കര സ്വദേശി പവൻരാജ് എന്നയാളെ മാരകായുധങ്ങളുമായി അക്രമിച്ച് പണം അപഹരിച്ച കേസിലാണ് രതീഷ് ഇപ്പോൾ അറസ്റ്റിലായത്. പിടിച്ചുപറി നടത്തിയശേഷം ഇയാൾ തമിഴ്നാട്ടിലേക്കും അവിടെ നിന്നും ബംഗളൂരുാവിലേക്കും ഒളിവിൽ പോവുകയായിരുന്നു.
ഇയാളുടെ കൂട്ടാളിയും അനവധി കേസുകളിലെ പ്രതിയും ജില്ലയിലെ പ്രധാന മയക്കുമരുന്ന് കച്ചവടക്കാരനുമായ അജിത് ലിയോൺ എന്ന ലിയോൺ ജോൺസണെ നാടൻ ബോംബുകളും, ലഹരി വസ്തുവായ എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. പഞ്ചായത്ത് ഉണ്ണിയുടെ സഹായത്തോടെയാണ് ഇയാൾക്ക് സിന്തറ്റിക് ഡ്രഗ്സ് ലഭിച്ചിരുന്നത്. ആ കേസിലെയും പ്രതിയാണ് അറസ്റ്റിലായ ഉണ്ണി. അന്വേഷണസംഘം ബാഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പഞ്ചായത്ത് ഉണ്ണിയുടെ ഒളിത്താവളത്തിൽ എത്തിയെങ്കിലും കൂട്ടാളി പിടിയിലായതറിഞ്ഞ് ഒളിത്താവളം മാറുന്നതിനായി തിരികെ നാട്ടിൽ എത്തി അടുത്തൊരു പിടിച്ചുപറി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് കണിയാപുരത്ത് നിന്നും പിടിയിലാകുന്നത്. നിലവിൽ അമ്പതോളം കേസുകളിലെ പ്രതിയായ ഇയാൾ 2014, 2017, 2019 വർഷങ്ങളിൽ കാപ്പാ നിയമപ്രകാരവും അറസ്റ്റിലായിട്ടുണ്ട്. സംസ്ഥാനത്തേക്ക് വൻതോതിൽ മയക്കുരുന്ന് കടത്തുന്ന സംഘത്തിലെ അംഗമായ പഞ്ചായത്ത് ഉണ്ണിയെ കഴിഞ്ഞ ആറ് മാസമായി എക്സ്സൈസ് സംഘവും തിരഞ്ഞ് വരുകയായിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ.മധുവിൻറ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഹരി സി.എസ്സ്, കഠിനംകുളം പോലീസ് ഇൻസ്പെക്ടർ ബിൻസ് ജോസഫ്, എസ്.ഐ കെ.എസ്.ദീപു, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സേനയിലേയും, ഷാഡോ ടീമിലേയും അംഗങ്ങളായ എസ്.ഐ എം.ഫിറോസ്മാൻ, ASI ബി. ദിലീപ്, ആർ.ബിജുകുമാർ, സി.പി.ഒ-മാരായ സുനിൽരാജ്, അനസ്സ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.