ആറ്റിങ്ങൽ: നഗരത്തെ വീർപ്പുമുട്ടിച്ചും യാത്രക്കാരെയും പി.എസ്.സി പരീക്ഷാർഥികളെയും പെരുവഴിയിലാക്കിയും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കും അതിക്രമങ്ങളും.
സ്വകാര്യ ബസുകളുടെ അപകടകരമായ യാത്രക്കെതിരെയും പാലസ് റോഡിൽ അപകടം സൃഷ്ടിക്കുന്നതിനെതിരെയും ശനിയാഴ്ച രാവിലെ ഡി.വൈ.എഫ്.ഐ സമരം നടത്തി. പാലസ് റോഡിൽ കയറുന്നത് ഒഴിവാക്കി കച്ചേരിനടവഴി വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. തുടർന്നാണ് സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമവും കൈയേറ്റവും നഗരത്തിൽ അരങ്ങേറിയത്. ബസുകൾ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പാലസ് റോഡ്, നഗരത്തിലെ ഇടറോഡുകൾ എന്നിവിടങ്ങളിൽ നിർത്തിയിട്ട് ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തി. ബസിൽ കയറിയ യാത്രക്കാരെ ടിക്കറ്റ് നൽകിയശേഷം ഇറക്കിവിട്ടു.
സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ പണം മടക്കി നൽകണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇതിനെക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റമുണ്ടായി. ഡി.വൈ.എഫ്.ഐ പ്രവർത്തകരും ബസ് ജീവനക്കാരും തമ്മിൽ നിരവധി തവണ സംഘർഷമുണ്ടായി.
പി.എസ്.സി പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാർഥികൾ വിവിധ വിദ്യാലയങ്ങളിലേക്ക് പോകാനാകാതെ കണ്ണീരോടെ മടങ്ങി. പി.എസ്.സി പരീക്ഷ കണക്കിലെടുത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സമരം നേരത്തെ അവസാനിപ്പിച്ചിരുന്നു. വിവിധ ആവശ്യങ്ങൾക്ക് നഗരത്തിലെത്തിയവരും ഉച്ചവരെ ഈ പ്രതിസന്ധിയിൽപ്പെട്ടു. പ്രശ്നത്തിൽ യഥാസമയം ഇടപെടുന്നതിനും നടപടി സ്വീകരിക്കുന്നതിനും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് പരാജയപ്പെട്ടു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യൂനിയൻ നേതാക്കളുമായി ചർച്ച നടത്തിയെന്നല്ലാതെ പ്രശ്നം പരിഹരിക്കാനായില്ല. ബസുകളുടെ പെർമിറ്റ് കട്ട് ചെയ്യും എന്നുള്ള അറിയിപ്പ് വന്നതിനെതുടർന്ന് ഉച്ചക്ക് ഒന്നരക്ക് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ച് സ്വകാര്യ ബസുകൾ വീണ്ടും സർവിസ് പുനരാരംഭിച്ചത്.
കഴിഞ്ഞദിവസം പാലസ് റോഡില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ മൂന്ന് സ്കൂൾ കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ചിറയിന്‍കീഴില്‍നിന്ന് പാലസ് റോഡുവഴി ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേയ്ക്ക് പോയ ബസാണ് കുട്ടികളെ ഇടിച്ചിട്ടത്. ബസ് നിര്‍ത്താതെ പോയി. ആറ്റിങ്ങല്‍ ഗവ. മോഡല്‍ ബി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥികളായ കടുവയില്‍ ആയില്യം വീട്ടില്‍ എ.ആര്. അഭിനവ് (15), ആല്‍ത്തറമൂട് ദര്‍ശനാവട്ടം ആര്.ബി ഭവനില്‍ ജെ. ദേവനാരായണ് (15), ആറ്റിങ്ങല്‍ കൊട്ടിയോട് ശ്രീനന്ദനത്തില്‍ എസ്. ശിവജിത്ത് (15) എന്നിവരെയാണ് ബസിടിച്ചത്. രാവിലെ ട്യൂഷന് കഴിഞ്ഞ് സ്കൂളിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.
ഈ സംഭവത്തോടെയാണ് വിദ്യാർഥികൾക്ക് സുഗമമായ യാത്രയൊരുക്കാൻ സ്വകാര്യ ബസുകളുടെ യാത്ര നിയന്ത്രിക്കണമെന്ന് ആവശ്യമുയർന്നത്. ആറ്റിങ്ങൽ സി.ഐ പാലസ് റോഡ് വഴിയുള്ള സ്വകാര്യ ബസുകളുടെ യാത്ര നിർത്താനും പകരം കച്ചേരിനട വഴി പോകാനും നിർദേശമുണ്ടായി. എന്നാൽ, അടുത്തദിവസം എം.എൽ.എയുടെയും നഗരസഭ അധ്യക്ഷയുടെയും സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥ യോഗത്തിൽ പഴയത് പോലെ വാഹനങ്ങൾ പോകാൻ തീരുമാനമെടുത്തു. ഇതോടെയാണ് ശനിയാഴ്ച പാലസ് റോഡ് വഴി വീണ്ടും സ്വകാര്യ ബസുകൾ വന്നത്. ഇത് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ സമരവുമായി രംഗത്തെത്തുകയായിരുന്നു.
പാലസ് റോഡിൽ സ്വകാര്യ ബസുകളുടെ അമിതവേഗത നിരന്തര അപകട ഭീഷണി ഉയർത്തുന്നുണ്ട്. മൂന്ന് പ്രധാന പൊതുവിദ്യാലയങ്ങളിൽ നിന്നായി 3000ത്തോളം സ്കൂൾ കുട്ടികൾ പ്രതിദിനം കടന്നുപോകുന്ന പാതയാണിത്.
ഇരുപതോളം പാരലൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പാതക്ക് ഇരുവശത്തുമായുണ്ട്. നേരത്തെ സ്വകാര്യ ബസുകൾ ഈറോഡ് വഴി കടന്നുപോകില്ലായിരുന്നു. അതിനാൽ സ്കൂൾ കുട്ടികൾക്ക് സുരക്ഷിത പാതയായിരുന്നു ഇത്. രണ്ടു വർഷത്തിനിടക്കാണ് സ്വകാര്യ ബസുകൾ ഈ പാത ഉപയോഗിക്കാൻ തുടങ്ങിയത്. ശേഷമാണ് അപകടങ്ങൾ വർധിച്ചതും.
സ്വകാര്യ ബസുകളുടെ ഗുണ്ടായിസം അനുവദിക്കില്ലെന്നും പാലസ് റോഡിലൂടെയുള്ള ബസ് ഗതാഗതം നിയന്ത്രിക്കണമെന്നും വരുംദിവസങ്ങൾ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു. വിഷയം സംഘർഷത്തിൽ കലാശിച്ച സ്ഥിതിക്ക് തിങ്കളാഴ്ച വീണ്ടും യോഗം ചേരാൻ ബന്ധപ്പെട്ടവർ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.