ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതക്കരികിലെ നടപ്പാതയിലെ വിവിധ സ്ഥലങ്ങളിൽ കുണ്ടും കുഴിയും നിറയുന്നു. നിരവധി തവണ യാത്രക്കാരുടെ പരാതിയെ തുടർന്ന് കുഴിയടച്ചെങ്കിലും പാത തകർന്നുതന്നെ. പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെ മൂന്നുവർഷം മുമ്പ് നിർമിച്ച ദേശീയപാതയുടെ നടപ്പാതയാണ് പലഭാഗങ്ങളിലും ടൈലുകളിളകി കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്.
ദിനവും നൂറുകണക്കിന് യാത്രക്കാർ നടന്നുപോകുന്ന ബാലരാമപുരം സ്കൂളിന് സമീപമാണ് ദുഃസ്ഥിതി. വീൽചെയറിൽ സഞ്ചരിക്കുന്നവർക്കും കാഴ്ചവെല്ലുവിളി നേരിടുന്നവർക്കും മറ്റ് ശാരീരികവെല്ലുവിളികൾ ഉള്ളവർക്കുമൊക്കെ സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ ഒരുക്കിയ ഫുട്പാത്തുകളും കൈവരികളുമൊക്കെയാണ് ശോച്യാവസ്ഥയിലായത്.
പുലർച്ച ഫുട്പാത്തിൽ വ്യായാമത്തിന്റെ ഭാഗമായി നടക്കാനിറങ്ങുന്നവരെയും ഇതിലൂടെയുള്ള നടത്തം ഏറെ ബുദ്ധിമുട്ടിക്കുന്നു. നടപ്പാത കുഴിയാതിരിക്കാനായി ന്യൂതനസംവിധാനത്തോടെയായിരുന്നു നിർമാണമെങ്കിലും പലസ്ഥലങ്ങളിലും ടൈൽസ് ഇളകിക്കിടക്കുകയാണ്. നടപ്പാതയിലെ കുഴികളിൽവീണ് പരിക്കേൽക്കുന്നതും പതിവായി. പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.