ബാലരാമപുരം: ബാലരാമപുരം ജങ്ഷന് സമീപം ട്രാഫിക് ബ്ലോക്കിനിടെ സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് സ്കൂട്ടർയാത്രികരായ യുവാക്കൾ കെ.എസ്.ആർ.ടി.സി ബസിന്റെ മുന്നിലെ ഗ്ലാസ് എറിഞ്ഞുതകർത്തു. സംഭവത്തിൽ വഴിമുക്ക് സ്വദേശികളായ അഫ്സൻ(20), രഞ്ജിത്ത് (20) എന്നിവരെയും പ്രായപൂർത്തിയാക്കാത്ത ഒരാളെയും ബാലരാമപുരം പൊലീസ് പിടികൂടി.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ശാലിഗോത്ര തെരുവ് ഭാഗത്തുനിന്ന് നെയ്യാറ്റിൻകര റോഡിലേക്ക് ബൈക്കിൽ വന്ന പ്രതികൾക്ക് നെയ്യാറ്റിൻകരനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സൈഡ് നൽകിയില്ലെന്നാരോപിച്ച് ബസിന് കുറുകെ ബൈക്ക് നിർത്തി തടഞ്ഞു. ബസ് ഡ്രൈവറുമായി വാക്കുതർക്കത്തെ തുടർന്ന് കരിങ്കല്ലുകൊണ്ട് ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് എറിഞ്ഞുതകർക്കുകയുമായിരുന്നു.
ബസിന്റെ മുൻവശത്തെ ഗ്ലാസ് പൊട്ടിയതിലും ട്രിപ് മുടങ്ങിയതിലും 26,500 രൂപയുടെ നഷ്ടം സംഭവിച്ചതായും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായുമുള്ള ഡ്രൈവർ സജികുമാറിന്റെ മൊഴിയിൽ ബാലരാമപുരം പൊലീസ് കേസെടുത്തു. രാത്രിയോടെ ബാലരാമപുരം എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐ ജ്യോതി സുധാകർ, ഗ്രേഡ് എസ്.ഐ സതികുമാർ, സി.പി.ഒമാരായ രാജേഷ്, വിപിൻ, അനിൽ ചിക്കു, ജിതിൻ എന്നിവരടങ്ങിയ സംഘം ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൻ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.