തിരുവനന്തപുരം: ഭിന്നശേഷിക്കാരനാണെന്നത് പോക്സോ കേസിൽനിന്ന് രക്ഷപ്പെടാനുള്ള മറയാക്കാനാവില്ലെന്ന് കോടതി. ബസിൽവെച്ച് യാത്രക്കാരനായ കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് കോടതിയുടെ നിരീക്ഷണം. പ്രതി കൊടുവഴുന്നൂർ കടമുക്ക് പ്രമോദിനെ തിരുവനന്തപുരം പോക്സോ കോടതി മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
2021ലാണ് കേസിനാസ്പദമായ സംഭവം. പാലോട്-പാരിപ്പള്ളി റൂട്ടിലെ സ്വകാര്യ ബസിൽവെച്ചാണ് പ്രതി സ്കൂളിൽനിന്ന് മടങ്ങുകയായിരുന്ന പതിമൂന്നുകാരനോട് അപമര്യാദയായി പെരുമാറിയത്. സംഭവം നടന്നയുടൻ കുട്ടി കണ്ടക്ടറെ വിവരമറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.
താൻ കാൽ മുറിച്ചുമാറ്റിയ ആളാണെന്നും അറിയാതെ സംഭവിച്ചതാണെന്നുമായിരുന്നു പ്രതിയുടെ വാദം. ഇത് നിലനിൽക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി. മനഃപൂർവം കുറ്റം ചെയ്യുന്നവർക്ക് ഭിന്നശേഷി മറയാക്കി രക്ഷപ്പെടാനാവില്ലെന്ന് പോക്സോ കോടതി ജഡ്ജി എം.പി. ഷിബു വ്യക്തമാക്കി. പാലോട് എസ്.ഐയായിരുന്ന എ. നിസാറുദീനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം അജിത്കുമാർ, വി.സി. ബിന്ദു എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.