തിരുവനന്തപുരം: ലഹരിമുക്ത നഗരത്തിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ കൈകോർത്ത് പോരാടാൻ തിരുവനന്തപുരം കോർപറേഷൻ. ഇന്നലെ ചേർന്ന പ്രത്യേക കൗൺസിലിലാണ് ഇതു സംബന്ധിച്ച തീരുമാനം. രാസ ലഹരിമരുന്നുകൾ സമൂഹത്തിൽ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഇത്തരം മാരകലഹരിമരുന്നുകളെ സംബന്ധിച്ചും ഇവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങളെ സംബന്ധിച്ചും മാതാപിതാക്കളെയും സമൂഹത്തെയും ബോധവത്കരിക്കേണ്ടതുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
ഇതുമറികടക്കാൻ വാർഡ് അടിസ്ഥാനത്തിൽ ബോധവത്കരണ ക്ലാസുകൾ എക്സൈസിന്‍റെയും പൊലീസിന്‍റെയും സഹായത്തോടെ നടത്തുമെന്ന് മേയർ അറിയിച്ചു. നഗരത്തിൽ ലഹരിമരുന്നുകൾ വിൽപന നടത്തുന്ന 'ബ്ലാക്ക് സ്പോട്ടുകൾ' നാട്ടുകാരുടെ സഹകരണത്തോടെ കണ്ടെത്തി എക്സൈസിനെയും പൊലീസിനെയും അറിയിക്കണം.
വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി തന്നെ കോർപറേഷൻ സൂക്ഷിക്കും. വിദ്യാലയങ്ങൾ, കോളജുകൾ കേന്ദ്രീകരിച്ച് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെക്കൂടി ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സുകൾ രൂപവത്കരിക്കും. ലഹരിപാക്കറ്റുകൾ ഉപയോഗശേഷം വലിച്ചെറിയുന്നത് ഏത് പ്രദേശത്താണെന്ന്കൂടുതൽ എന്ന് തിരിച്ചറിയാൻ സാധിക്കുന്നത് നഗരസഭയുടെ ശുചീകരണത്തൊഴിലാളികൾക്കാണ്. ഇവർ നൽകുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആ പ്രദേശത്ത് പ്രത്യേക ശ്രദ്ധ എക്സൈസിന്‍റെയും കോർപറേഷന്‍റയും ഭാഗത്തു നിന്നുണ്ടാകും.
നഗരത്തിലെ മെഡിക്കൽ സ്റ്റോറുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവുകളിലുള്ള കടകളിലും കോർപറേഷന്‍റെ നേതൃത്വത്തിൽ പരിശോധനയുണ്ടാകുമെന്നും മേയർ അറിയിച്ചു. സംസ്ഥാനത്ത് എത്തുന്ന ലഹരി ഉൽപനങ്ങളിൽ ഭൂരിഭാഗവും ഇതരസംസ്ഥാനങ്ങളിൽ നിന്നുമാണെന്നും ഇതുതടയാൻ രാജ്യം ലഹരിമുക്തമാകേണ്ടതുണ്ടെന്നും ഡെപ്യൂട്ടി മേയർ പി.കെ.രാജു അഭിപ്രായപ്പെട്ടു.
ബി.ജെ.പി നേതാവ് അശോക് കുമാർ, ബി.ജെ.പി കൗൺസിലർ ഗിരികുമാർ, കോൺഗ്രസ് നേതാവ് മേരി പുഷ്പം, കൗൺസിലർമാരായ തിരുമല അനിൽ, ഗായത്രി ബാബു, മേടയിൽ വിക്രമൻ, ഡി.ആർ.അനിൽ, അംശുവാമദേവൻ,ജോൺസൺ ജോസഫ്,പദ്മകുമാർ, എസ്.സലീം തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.