ഒരേസമയം കാർട്ടൂൺ, ഹാസ്യ സാഹിത്യരംഗത്ത് സംഭാവന ചെയ്ത അപൂർവമൊരാളാണ് കാർട്ടൂണിസ്റ്റ് സുകുമാർ. ഞാൻ എഴുതിത്തുടങ്ങിയത് മുതൽ മാതൃകയാക്കാൻ ആഗ്രഹിച്ച വ്യക്തിയാണ്. തിരുവനന്തപുരത്തോട് വളരെ അടുപ്പമുണ്ടായിരുന്ന ആളാണ്, സ്വന്തം നാടായാണ് കണ്ടത്.
ഒരുവർഷം മുമ്പാണ് ഇവിടത്തെ വീട് വിറ്റത്. എറണാകുളത്തെ വസതിയിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോഴൊക്കെ ഒരിക്കൽകൂടി തിരുവനന്തപുരത്ത് വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇവിടെ കൊണ്ടുവന്ന് പ്രസംഗിച്ച സ്ഥലങ്ങളൊക്കെ ഒരിക്കൽകൂടി കാണിക്കണമെന്ന് അദ്ദേഹത്തിന്റെ മകൾ സുമംഗലയും ആഗ്രഹിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടും യാത്ര ചെയ്യാനുള്ള പ്രയാസവും കാരണം ആഗ്രഹം പൂർത്തിയാക്കാനായില്ല.
‘പൊതുജനം പലവിധം’ എന്ന പുസ്തകം മലയാളത്തിൽ ഇറങ്ങിയ മികച്ച ഹാസ്യ പുസ്തകങ്ങളിൽ ഒന്നാണ്. പല വ്യക്തികളുടെ കാരിക്കേച്ചറാണ് അതിൽ. റീ പ്രിന്റ് ചെയ്യാത്തതിനാലായിരിക്കാം ആ പുസ്തകത്തെക്കുറിച്ച് ആരും ചർച്ച ചെയ്യാത്തത്. ‘വായിൽവന്നത് കോതക്ക്പാട്ട്’ എന്ന പുസ്തകത്തിനാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. അത് മുഴുവൻ കവിതകളാണ്. സാമൂഹിക, രാഷ്ട്രീയ ആക്ഷേപഹാസ്യ കവിതകൾ.
കേരളത്തിലെ ഹാസസാഹിത്യകാരന്മാരുടെ സംഘടനയായ ‘നർമകൈരളി’യുടെ സ്ഥാപക സെക്രട്ടറിയാണ്. 1986ൽ വി.ജെ.ടി ഹാളിൽ ആനന്ദക്കുട്ടൻ, പി. സുബ്ബയ്യ പിള്ള, വേളൂർ കൃഷ്ണൻകുട്ടി എന്നിവർക്കൊപ്പം ചേർന്നാണ് സംഘടന രൂപവത്കരിച്ചത്. എല്ലാ മാസവും അവസാന ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും നർമകൈരളിയുടെ പരിപാടി. ഈ പരിപാടിക്കുള്ള ബാനർ മടക്കി കടലാസിൽ പൊതിഞ്ഞ് ബാഗിൽ സൂക്ഷിച്ചിരുന്നത് അദ്ദേഹമായിരുന്നു.
മരുതംകുഴിയിലെ വീട്ടിൽനിന്ന് കൃത്യം അഞ്ച് മണിക്ക് ശാസ്തമംഗലം, വെള്ളയമ്പലം വഴി നടന്നുവരും. എല്ലാം തന്റെ കൈകൊണ്ട് ചെയ്താലേ തൃപ്തിയാകുമായിരുന്നുള്ളൂ. മനോഹര കൈയക്ഷരത്തിൽ വേഗത്തിൽ എഴുതുന്നതായിരുന്നു രീതി. നർമത്തിൽ ചാലിച്ച പ്രസംഗത്തോടായിരുന്നു പ്രിയം. ഏത് സാംസ്കാരിക സമ്മേളനമായാലും ഗൗരവ വിഷയങ്ങളാണെങ്കിലും നർമം കലർത്തിയായിരുന്നു പ്രസംഗിക്കുന്നത്.
ലളിത ജീവിതമായിരുന്നു. എഴുത്ത്, പ്രഭാഷണം, വര എന്നീ മേഖലയിലൂടെയാണ് ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും. മരുതംകുഴിയിലെ വസതിയിലെ മുകൾനിലയിലെ കൊച്ചുമുറിയിലായിരുന്നു സർഗ വ്യവഹാരങ്ങളെല്ലാം. തിരുവനന്തപുരം നഗരത്തിൽ മിക്കയിടത്തും നടന്നാണ് പോയിരുന്നത്.
വീട്ടിൽനിന്ന് ദിവസവും നടന്നാണ് വെള്ളയമ്പലത്തെ പൊലീസ് ഡിപ്പാർട്ട്മെന്റിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസിലെത്തിയിരുന്നത്. പ്രഭാഷണങ്ങൾ നടത്താറുള്ള വി.ജെ.ടി, വൈ.എം.സി.എ തുടങ്ങിയ ഹാളുകളിലേക്കും നടന്നാണ് പോയിരുന്നത്. നരച്ച തലമുടി പിന്നിലേക്ക് ചീകിയൊതുക്കി തല ഉയർത്തിപ്പിടിച്ച് റോഡരികിലൂടെയുള്ള ആ നടപ്പ് മനസ്സിൽ മായാതെയുണ്ട്.
തയ്യാറാക്കിയത്: സുധീർ മുക്കം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.