തിരുവനന്തപുരം: കുണ്ടും കുഴിയും നിറഞ്ഞ് ദുരിതമായി നഗരത്തിലെ റോഡുകൾ. മഴ കൂടി കനത്തതോടെ കാൽനടക്കുപോലും പറ്റാത്ത സ്ഥിതിയായി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജോലികൾ ഒരുവർഷത്തോളമായി ഇഴഞ്ഞുനീങ്ങുകയാണ്. സ്കൂളുകൾ കൂടി തുറക്കാനിരിക്കുന്നതോടെ വെട്ടിപ്പൊളിച്ച റോഡുകൾ വഴിയുള്ള യാത്രകളും അപകടകരമാകും.
സ്മാർട്ട് സിറ്റി അധികൃതരും പൊതുമരാമത്ത് വകുപ്പുമാണ് സ്മാർട്ട് റോഡുകളുടെ ഭാഗമായി നഗരത്തിലെ ഒമ്പത് വാർഡുകളിലെ പ്രധാന വാർഡുകളെല്ലാം വെട്ടിപ്പൊളിച്ചത്. മഴ ശക്തമായതോടെ റോഡ് നിർമാണത്തിനായും ഡ്രെയിനേജ് സംവിധാനത്തിനായും എടുത്ത കുഴികളിൽ വെള്ളം നിറഞ്ഞ് അപകടങ്ങളും പതിവായി. ചിലയിടങ്ങളിൽ പണി പൂർത്തിയാക്കിയ ഇടങ്ങളിൽ റോഡ് ടാറിങ് നടക്കാത്തതിനാൽ ചളിക്കുളമായി മാറി. കഴിഞ്ഞദിവസം അയ്യൻ കാളി ഹാളിനു മുന്നിൽ ബൈക്ക് യാത്രികൻ വലിയ കുഴിയിൽ തെന്നിവീണു. വെള്ളയമ്പലം മാനവീയം റോഡ് പണിപൂർത്തിയായെങ്കിലും റോഡ് ടാർ ചെയ്തില്ല. ചളി നിറഞ്ഞ് ഇതുവഴിവഴിയുള്ള ഗതാഗതം അപകടകരമായി തീർന്നു.
സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി റോഡുകൾ എല്ലാം പൂർണമായും ഗതാഗത സജ്ജമാക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, അടുത്തിടെ ഒന്നും പൂർത്തിയാകുമെന്ന് തോന്നുന്നില്ല. മോഡൽ സ്കൂളിലേക്ക് കടക്കുന്ന റോഡിലും പണി നടക്കുകയാണ്.
ഇവിടെയും മിക്ക സ്ഥലങ്ങളും കുഴിച്ചിട്ടിരിക്കുന്നു. തൈക്കാട് എൽ.പി.എസ് റോഡിലും പണി നടക്കുകയാണ്. ബേക്കറി- ഊറ്റുകുഴി റോഡ്, നന്ദാവനം പൊലീസ് ക്യാമ്പിന് മുന്നിലൂടെ ബേക്കറിയിലേക്ക് വരുന്ന റോഡ് അയ്യൻ കാളി ഹാളിനു മുന്നിലെ റോഡ് തുടങ്ങിയവയെല്ലാം കുഴിച്ചിട്ടിരിക്കുകയാണ്.
ഇതിനു പുറമെ സ്മാർട്ട് റോഡുകളുടെ ടാറിങ്ങുമായി ബന്ധപ്പെട്ട് നഗരത്തിലെ പ്രധാന റോഡുകളെല്ലാം മില്ലിങ് നടത്തിയിരിക്കുകയാണ്. പുതിയ ടാറിങ്ങിനായാണ് മില്ലിങ് നടത്തിയിരിക്കുന്നത്. മഴകാരണം സമയത്ത് റോഡ് ടാറിങ് നടന്നില്ല. ഇതും ഇരുചക്രവാഹനയാത്രക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയിരിക്കുന്നത്. ആയുർവേദ കോളജിൽനിന്ന് തമ്പാനൂരിലേക്ക് പോകാനുള്ള എളുപ്പ വഴിയായ ശ്രീമൂലം റോഡിലൂടെയുള്ള യാത്ര തടസ്സപ്പെട്ടിട്ട് 10 മാസം കഴിഞ്ഞു. സ്മാർട്ട് റോഡിനായി അഞ്ചടിയോളം താഴ്ചയിൽ കുഴിമൂടാൻ സർക്കാർ ഉത്തരവ് തന്നെ വേണ്ടിവന്നു. അതിപ്പോൾവീണ്ടും വെട്ടിപ്പൊളിച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റിന് സമീപത്തെ റോഡായിട്ടുകൂടി പണിപൂർത്തിയാക്കി തുറന്നുനൽകാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.