തിരുവനന്തപുരം: ഗവ. ലോ കോളജില്‍ അധ്യാപകരെ പൂട്ടിയിട്ട സംഭവത്തിലും അധ്യാപികയെ ആക്രമിച്ചതിനും മൂന്ന് വിദ്യാര്‍ഥികൾക്ക് സസ്പെൻഷൻ. എസ്.എഫ്.ഐ പ്രവര്‍ത്തകരും അഞ്ചാം വര്‍ഷ വിദ്യാര്‍ഥികളുമായ ഫഹദ്, സാബിത്, ആരോമല്‍ എന്നിവരെയാണ് വ്യാഴാഴ്ച കോളജ് അധികൃതര്‍ സസ്പെൻഡ് ചെയ്തത്.
കൂടുതൽ വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. അധ്യാപകരെ തടഞ്ഞുവെച്ച കേസില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി കോളജ് അധ്യാപക കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. നേരത്തേ പൊലീസില്‍ നല്കിയ പരാതികളിലെ അന്വേഷണത്തോട് കോളജ് സഹകരിക്കാനും തീരുമാനിച്ചു.
കോളജില്‍ ഓണ്‍ലൈന്‍ ക്ലാസുകൾ തുടരാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം മുഴുവന്‍ ക്ലാസുകള്‍ ഓണ്‍ലൈനിലായിരിക്കും. അടുത്തമാസം ആദ്യം അവധിക്കാലം തുടങ്ങുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് നടക്കാനും സാധ്യതയില്ല. പ്രശ്നപരിഹാരത്തിന് അടുത്ത തിങ്കളാഴ്ച ആര്.ഡി.ഒയുടെ സാന്നിധ്യത്തില്‍ സംയുക്ത പി.ടി.എ യോഗം ചേരും.
പ്രശ്നപരിഹാരത്തിനായി കോളജ് പ്രിൻസിപ്പൽ ജില്ല കലക്ടറുടെ സഹായം തേടി കത്ത് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ യോഗം നടക്കുന്നത്. യോഗത്തിൽ വിദ്യാര്‍ഥി സംഘടന നേതാക്കളും പങ്കെടുത്തേക്കും.
അതിനിടെ അധ്യാപികയെ ആക്രമിച്ച് പരിക്കേൽപിച്ച കേസില്‍ പ്രതികളെ തിരിച്ചറിയാനായില്ലെന്ന നിലപാടിലാണ് പൊലീസ്. പരാതിയില്‍ വിദ്യാര്‍ഥികളുടെ പേര് പറയാത്തതിനാല്‍ ക്യാമറ ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ കണ്ടെത്താനാണ് തീരുമാനിച്ചത്. എന്നാല്‍, പ്രിന്‍സിപ്പലിന്റെ ഓഫിസിലെ സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ കണ്ടെത്താനാകില്ല. കോളജ് അടച്ചിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും പൊലീസ് പറയുന്നു.
പ്രശ്നപരിഹാരത്തിനായി രണ്ട് സംയുക്ത പി.ടി.എ യോഗങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. കേസുകൾ പിൻവലിക്കണമെന്ന നിലപാട് എസ്.എഫ്.ഐ സ്വീകരിച്ചതിനെ തുടർന്നായിരുന്നു ഇത്. അതിന് പിന്നാലെയാണ് ഇപ്പോൾ മൂന്ന് എസ്.എഫ്.ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തതും കൂടുതൽ പേർക്കെതിരെ നടപടികളിലേക്ക് നീങ്ങുന്നതും.
ഇത് എസ്.എഫ്.ഐയെ കൂടുതൽ പ്രകോപിതരാക്കാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. അങ്ങനെ സംഭവിച്ചാൽ ആർ.ഡി.ഒയുടെ സാന്നിധ്യത്തിലെ യോഗത്തിലും പ്രശ്നപരിഹാരം കാണാനാകുമോയെന്ന സംശയം ബാക്കിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.