തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നീക്കങ്ങൾക്ക് മുഖ്യമന്ത്രിയുടെ പൂട്ട്. ഡ്രൈവിങ് സ്കൂള്‍ മേഖലയില്‍ ഗതാഗതമന്ത്രി നിര്‍ദേശിച്ച പരിഷ്കരണങ്ങള്‍ താൽക്കാലികമായി നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കിയതായി ഓള് കേരള ഡ്രൈവിങ് സ്കൂൾ വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) നേതാക്കള്‍ അറിയിച്ചു.
സംഘടന നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നേതാക്കൾ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. മേഖലയിലെ സംഘടനകള്‍ ഉന്നയിച്ച ആശങ്കകള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം ചര്‍ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പ്രസിഡന്റ് കെ.കെ. ദിവാകരന് പറഞ്ഞു. അതുവരെ പരിഷ്കരണ നടപടികള്‍ നിര്‍ത്തിവെക്കും.
നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പ്രതിദിന ഡ്രൈവിങ് ടെസ്റ്റിന്റെ എണ്ണം 30 ആയി കുറച്ചിരുന്നു. ടെസ്റ്റിങ് ഗ്രൗണ്ടുകളൊരുക്കാന് ഡ്രൈവിങ് സ്കൂളുകാരോട് നിര്‍ദേശിച്ചു. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിരീക്ഷണ കാമറയും ജി.പി.എസും ഘടിപ്പിക്കാനും ആവശ്യപ്പെട്ടു. ഗതാഗതമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡ്രൈവിങ് ടെസ്റ്റില്‍ മോട്ടോർ വാഹനവകുപ്പ് വരുത്തിയ മാറ്റങ്ങളില്‍ ഭൂരിഭാഗവും കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടാല്‍ റദ്ദാക്കാന്‍ സാധ്യതയുള്ളവയാണ്.
നടപ്പാക്കുന്നതിലും ആശയക്കുഴപ്പമുണ്ട്. ടെസ്റ്റിങ് ട്രാക്കുകള്‍ എങ്ങനെ നിര്‍മിക്കുമെന്നത് സംബന്ധിച്ച് നിര്‍ദേശങ്ങളില്ല. ഡ്രൈവിങ് സ്കൂളുകള്‍ ഇവ ഒരുക്കണമെന്ന നിര്‍ദേശമാണ് ആദ്യമുയർന്നത്. ഇതിനെതിരെ സി.ഐ.ടി.യു ഉള്‍പ്പെടെ സംഘടകള്‍ രംഗത്തെത്തി. 86 സ്ഥലങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നുണ്ടെങ്കിലും ഒമ്പതില്‍ മാത്രമാണ് മാനദണ്ഡം പാലിക്കുന്നത്. ടെസ്റ്റിന് മാത്രം 300 രൂപ ഫീസ് വാങ്ങുന്നെങ്കിലും മിക്കയിടത്തും പുറമ്പോക്കിലും ഡ്രൈവിങ് സ്കൂളുകാര് വാടകക്കെടുത്ത സ്ഥലത്തുമാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.