തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മദ്യവിൽപനക്കൊരുങ്ങി സപ്ലൈകോ. ഇതിനായി സർക്കാറിന്റെ അനുമതി തേടി സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമൻ ഭക്ഷ്യവകുപ്പിനെ സമീപിച്ചു. കൺസ്യൂമർഫെഡിന് സമാനമായി മദ്യ വില്പന തുടങ്ങിയാൽ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. സപ്ലൈകോയുടെ ആവശ്യത്തെ ഭക്ഷ്യവകുപ്പും പിന്തുണക്കുന്നുണ്ട്. ഈ വിഷയത്തിൽ വരും ആഴ്ചകളിൽ എക്സൈസ് വകുപ്പുമായി ഭക്ഷ്യവകുപ്പ് ചർച്ച നടത്തുമെന്നാണ് വിവരം.
ക്രിസ്മസ് പുതുവത്സര വിപണിയില്‍ ഇടപെടാനാകാത്ത വിധം സപ്ലൈകോയെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ക്രിസ്മസ് ഫെയര്‍ നടത്താനാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ അറിയിച്ചു.
ഓണക്കാലത്ത് തുടങ്ങിയ പ്രതിസന്ധി ക്രിസ്മസ് അടുത്തിട്ടും തീരാത്ത സാഹചര്യമാണ്. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലെയും റാക്കുകള്‍ കാലിയാണ്. 800 കോടിയോളം രൂപ നൽകാനുള്ളതിനാൽ സാധനങ്ങളുടെ ടെന്‍ഡര്‍ എടുക്കാന്‍പോലും വിതരണക്കാര്‍ തയാറാകുന്നില്ലെന്നും മന്ത്രി അറിയിച്ചു. എന്നാൽ, ക്രിസ്മസ് ഫെയര്‍ മുടങ്ങരുതെന്നു പറഞ്ഞ മുഖ്യമന്ത്രി പണം അനുവദിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാൻ ധനവകുപ്പിനോട് നിർദേശം നൽകി.
അതേസമയം സിവിൽ സപ്ലൈസ് കോർപറേഷന് സബ്സിഡി ഭക്ഷ്യവസ്തുക്കൾ നൽകുന്ന വിതരണക്കാർ ടെൻഡറുകൾ പാടേ ബഹിഷ്കരിച്ചത് ക്രിസ്മസ്, പുതുത്സര വിവപണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ആറുമാസത്തെ കുടിശ്ശികയായ 800 കോടി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇ ടെൻഡറുകൾ ഫുഡ് ഗ്രെയിൻസ് പൾസസ് ആൻഡ് സ്പൈസസ് സപ്ലൈയേഴ്സ് അസോസിയേഷൻ (എഫ്.ജി.പി.എസ്.എസ്.എ) ബഹിഷ്കരിച്ചത്. വിതരണം നടത്തിയ ഉൽപന്നങ്ങളുടെ ബിൽ തുകകൾ കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ബാങ്കിൽ നിന്നുള്ള പണമെടുപ്പ് പരിധി കുറയുകയും പലിശ വർധിക്കുകയും ചെയ്തു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നുള്ള ഭീഷണിയിലാണ് പല വിതരണക്കാരും. ബിൽതുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സപ്ലൈകോ ആസ്ഥാനത്ത് 18 മുതൽ അനിശ്ചിതകാലസമരം ആരംഭിക്കാനും എഫ്.ജി.പി.എസ്.എസ്.എ ആലോചിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സപ്ലൈകോയിൽ കഴിഞ്ഞ മാസത്തെ ശമ്പളവിതരണം പോലും പൂർത്തിയാക്കാനായിട്ടില്ല. പ്രതിവർഷം 56 കോടി രൂപയും പ്രതിമാസം 4.6 കോടി രൂപയുമാണ് ശമ്പളത്തിനുവേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.