തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികോത്സവത്തിലേക്ക് ട്രാക്കിലും പിറ്റിലും ഫീൽഡിലും പൊരുതിക്കയറാൻ ജില്ലയുടെ കായികതാരങ്ങൾ ഞായറാഴ്ച കാര്യവട്ടത്ത് ഇറങ്ങും. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ തിരിതെളിയുന്ന റവന്യൂ ജില്ല സ്കൂൾ കായികമേള ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 12 ഉപജില്ലകളിലും സ്പോർട്സ് സ്കൂളുകളിലും നിന്നായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നിന്നായി 5000 പരം കായികതാരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. അതേസമയം രണ്ടാംവർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതൽ ഇംപ്രൂവ്മെന്റ് പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തിൽ കായികമേളയുടെ തീയതിയും മത്സരക്രമങ്ങളും സംഘാടകസമിതി പുനഃക്രമീകരിച്ചു. പരീക്ഷക്കിടെ കായികമത്സരം സംഘടിപ്പിക്കുന്നത് വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടുത്തുമെന്ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് മത്സരങ്ങൾ പുനഃക്രമീകരിക്കാൻ സംഘാടകസമിതിക്ക് നിർദേശം നൽകിയത്.
ഇതുപ്രകാരം 10ന് നടത്താൻ നിശ്ചയിച്ചിരുന്ന കായികമത്സരങ്ങൾ 14 ലേക്ക് മാറ്റി. സീനിയർ വിഭാഗം ആൺ, പെൺകുട്ടികളുടെ 3000 മീറ്റർ, 800 മീറ്റർ, 100 മീറ്റർ ഓട്ടം മത്സരങ്ങൾ, ജാവലിൻ ത്രോ, ഹൈജംപ്, ലോങ് ജംപ്, ഷോട്ട് പുട്ട്, 4x100 മീറ്റർ റിലേ മത്സരങ്ങൾ ഞായറാഴ്ച നടക്കും. തിങ്കളാഴ്ച സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളുടെ മത്സരങ്ങൾ മാത്രമാകും നടക്കുക. സമാപനദിനമായ 14ന് സീനിയർ വിഭാഗത്തിന്റെ ക്രോസ് കൺട്രി, പോൾവാൾട്ട്, ട്രിപ്പിൾജംപ്, 200 മീറ്റർ ഓട്ടം, 400 മീറ്റർ ഓട്ടം, 400 മീറ്റർ ഹർഡ്ൽസ്, നടത്ത മത്സരങ്ങളും അവശേഷിക്കുന്ന സബ്ജൂനിയർ, ജൂനിയർ മത്സരങ്ങളും നടക്കുമെന്നും സംഘാടകസമിതി അറിയിച്ചു. 16 മുതൽ 20 വരെ തൃശൂർ കുന്നംകുളം സീനിയർ മൈതാനിയിലെ സിന്തറ്റിക് ട്രാക്കിലാണ് സംസ്ഥാന കായികോത്സവം അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.