തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ നേതാക്കളുടെ തണലിൽ വീണ്ടും ഗുണ്ടാസംഘങ്ങൾ തലപൊക്കുന്നു. കുപ്രസിദ്ധ ക്രിമിനലുകളായ ഓംപ്രകാശിന്റെയും പുത്തൻപാലം രാജേഷിന്റെയും നേതൃത്വത്തിലാണ് റിയൽ എസ്റ്റേറ്റ് ബിസിനസിന്റെയും ലഹരിമാഫിയ സംഘങ്ങളുടെയും കണ്ണികൾ നഗരത്തിനകത്തും പുറത്തുമായി വളർന്നത്.
ഇതിനെതിരെ സംസ്ഥാന സ്പെഷൽ ബ്രാഞ്ചും ജില്ല സ്പെഷൽ ബ്രാഞ്ചും മാസങ്ങൾക്ക് മുമ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിന്റെ ഫലമാണ് ഞായറാഴ്ച പുലർച്ച ഓംപ്രകാശിന്റെ നേതൃത്വത്തിൽ പാറ്റൂരിൽ നടന്ന കൊലപാതക ശ്രമം.
എട്ടംഗസംഘത്തിന്റെ ആക്രമണത്തിൽ മുട്ടട സ്വദേശി നിതിൻ(37), സുഹൃത്തുക്കളായ പഴകുറ്റി സ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീൺ (35), പൂജപ്പുര സ്വദേശി ടിന്റു ശേഖർ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ തലക്ക് വെട്ടേറ്റ നിതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സംഭവത്തിൽ ഓംപ്രകാശ് അടക്കം എട്ടുപേർക്കെതിരെ പേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. ഓം പ്രകാശിന് പുറമെ, സഹോദരങ്ങളും കണ്ണേറ്റുമുക്ക് സ്വദേശികളും സഹോദരങ്ങളുമായ ആസിഫ്, ആരിഫ്, ജോമോൻ, ഇബ്രാഹം റാവുത്തർ കണ്ടലറിയാവുന്ന മൂന്നുപേരുമാണ് മറ്റു പ്രതികൾ.
കവടിയാർ കേന്ദ്രീകരിച്ച് കൺസ്ട്രക്ഷൻ ബിസിനസ് നടത്തുന്ന നിതിന് ഈ രംഗത്ത് പ്രവർത്തിക്കുന്ന ആസിഫും ആരിഫുമായി സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണേറ്റുമുക്ക് പീപ്ൾസ് നഗറിലുള്ള ആസിഫിന്റെയും ആരിഫിന്റെയും വാടക വീട്ടിൽ ശനിയാഴ്ച നിതിന്റെ ഒത്താശയോടെ ഒരു സംഘം വീടുകയറി ആക്രമിച്ചിരുന്നു.
ഇതിന്റെ തിരിച്ചടിയാണ് മണിക്കൂറുകൾക്കം പാറ്റൂരിലുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓം പ്രകാശ് മറ്റൊരു വാഹനത്തിലിരുന്നുകൊണ്ട് ആസിഫും ആരിഫുമാണ് ആക്രമിച്ചതെന്നാണ് പരിക്കേറ്റവരുടെ മൊഴി. വിവിധ കേസുകളിൽ ജയിലിലായിരുന്ന ഓംപ്രകാശും പുത്തൻപാലം രാജേഷും പുറത്തിറങ്ങിയതേടെ റിയൽ എസ്റ്റേറ്റ്, മണൽ -ലഹരി ഇടപാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് .
ഭരണത്തിന്റെ തണലും ഇവർക്കുണ്ട്. മെഡിക്കൽ കോളജ്, ടെക്നോപാർക്ക്, കുളത്തൂർ, കഴക്കൂട്ടം, പോത്തൻകോട്, കാട്ടായിക്കോണം, ചന്തവിള കേന്ദ്രീകരിച്ചാണ് ഇവരുടെ റിയൽ എസ്റ്റേറ്റും മണൽകടത്തും. കഴിഞ്ഞ വർഷം മണൽ മാഫിയ സംഘത്തിലെ മുഖ്യകണ്ണിയായിരുന്ന മെന്റൽ ദീപുവിന്റെ കൊലപാതകവും ഇതിന്റെ ബാക്കിപത്രമായിരുന്നു.
പലപ്പോഴും അക്രമം നടക്കുമ്പോൾ രാഷ്ട്രീയ ഇടപെടലാണ് പൊലിസിന് തലവേദനയാകുന്നത്. ദിവസങ്ങൾക്ക് മുമ്പ് ആറ്റുകാലിൽ ഗുണ്ടയായ ശരത്തിന്റെ കാൽ ആറംഗ സംഘം വെട്ടിയെടുത്തിരുന്നു. അക്രമത്തിന് തലേദിവസം ശരത്തിന്റെ നേതൃത്വത്തിൽ അക്രമികളിൽ ഒരാളായ വിജയകുമാറിന്റെ ഓട്ടോ അടിച്ചു തകർത്തിരുന്നു.
ഇതിലെ വൈരാഗ്യമാണ് ശരത്തിനെതിരെയുണ്ടായ അക്രമത്തിന് പിന്നിൽ. ശരത്തിനെ പിടികൂടാൻ അന്ന് പൊലീസിന് കഴിഞ്ഞിരുന്നെങ്കിൽ മറ്റൊരു ആക്രമണം ഒഴിവാക്കാമായിരുന്നുവെന്ന വാദം സേനക്കുള്ളിൽ തന്നെ ശക്തമായിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച പാറ്റൂരിലെ അക്രമവും.
ശനിയാഴ്ച രാത്രി പത്തരയോടെ കണ്ണേറ്റുമുക്കിൽ നടന്ന അക്രമ സംഭവത്തിൽ ഉൾപ്പെട്ടവർക്കാണ് പ്രത്യാക്രമണത്തിൽ പരിക്കേറ്റത്. രാത്രിയിൽ നഗരത്തിൽ നടന്ന അക്രമത്തിലെ പ്രതികൾ ശംഖുംമുഖം ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുറ്റിക്കറങ്ങിയിട്ടും പൊലീസിന് പിടികൂടാനായില്ല. എന്നാൽ, ഇവർക്ക് പിന്നാലെ കൂടിയ ഓംപ്രാകാശും സംഘവും പുലർച്ചയോടെ തിരിച്ചടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.