ദുർഗന്ധപൂരിതമായ പാളയം മാർക്കറ്റും പരിസരവും
തിരുവനന്തപുരം: സമ്പൂർണ മാലിന്യമുക്ത തദ്ദേശ സ്ഥാപനങ്ങളുടെ പ്രഖ്യാപനം ഒരുവശത്ത് പുരോഗമിക്കുമ്പോഴും തലസ്ഥാനനഗരത്തിൽ പാളയം മത്സ്യ-മാംസ മാർക്കറ്റും പരിസരവും മാലിന്യം നിറഞ്ഞ് രൂക്ഷഗന്ധത്തിലാണ്. നഗരത്തിലെ വിവിധയിടങ്ങളിൽനിന്നുള്ള മാലിന്യങ്ങളും പാഴ് വസ്തുക്കളും ഇവിടെ തള്ളുകയാണ്. ആശുപത്രി മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നും പരാതിയുണ്ട്. പൊതുജനങ്ങൾ മാലിന്യം നിരത്തിലെറിഞ്ഞാൽ വൻ പിഴ ഈടാക്കുന്ന കോർപറേഷൻ ആരോഗ്യവിഭാഗത്തിന്റേതടക്കം നിയമലംഘനത്തിനുനേരെ കണ്ണടയ്ക്കുന്നെന്നാണ് പരാതി.
ജില്ലയുടെ ഇതര ഭാഗങ്ങളിൽനിന്ന് വരുന്ന മത്സ്യ-മാംസ കച്ചവടക്കാരുൾപ്പെടെ 300 ലധികം പേർ നിബന്ധനകൾ പാലിക്കാതെ പാളയത്തും പരിസര പ്രദേശങ്ങളിലും കച്ചവടം നടത്തുന്നു. ഇവർ വൻതോതിൽ മാലിന്യം തള്ളുന്നെന്നാണ് ആക്ഷേപം. സമീപത്തെ വീടുകളിൽ താമസിക്കുന്നവരും ആരാധനാലയങ്ങളിൽ എത്തുന്നവരും ദുർഗന്ധംകാരണം പൊറുതിമുട്ടുകയാണ്. എന്നാൽ മത്സ്യ-മാംസ കച്ചവടക്കാർക്ക് ആധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് തുറന്നിട്ടു ണ്ടെങ്കിലും ആരും അവിടേക്ക് മാറുന്നില്ല.
പുതിയ മാർക്കറ്റിൽ ചെറിയ കുടുസ്സുമുറികളാണ് നിർമിച്ചുനൽകിയതെന്നും അടിസ്ഥാന സൗകര്യമില്ലെന്നും കച്ചവടക്കാർ പറയുന്നു. തലസ്ഥാനനഗരിയുടെ ഹൃദയഭാഗം ദുർഗന്ധപൂരിതമായിട്ടും കോർപറേഷനോ മറ്റ് സർക്കാർ സംവിധാനങ്ങളോ തിരിഞ്ഞുനോക്കുന്നില്ല. സെക്രട്ടേറിയറ്റും നിയമസഭ മന്ദിരവും പബ്ലിക് ലൈബ്രറിയും റിസർവ് ബാങ്കും കേരള സർവകലാശാലയും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഈ ദുർഗന്ധ കേന്ദ്രത്തിന്റെ 500 മീറ്റർ പരിധിക്കുള്ളിലാണ്. ബന്ധപ്പെട്ട വകുപ്പുകൾക്ക് പ്രദേശവാസികൾ നിരവധി പരാതികൾ സമർപ്പിച്ചിട്ടും ഒരു നടപടിയുമില്ലെന്ന് അവർ പറയുന്നു.
1987ൽ തിരുവനന്തപുരത്ത് ദേശീയ ഗെയിംസ് നടത്തുന്നതിനോടനുബന്ധിച്ച് അന്നത്തെ കലക്ടർ മൽസ്യ മാർക്കറ്റ് ഇടപ്പഴഞ്ഞിയിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു. എന്നാൽ, ലേലം വിളി ഉൾപ്പടെ മത്സ്യ വിപണനം ഇടപ്പഴഞ്ഞിയിൽ തുടരവേ തന്നെ റീട്ടെയിൽ വ്യാപാരികൾ ക്രമേണ കച്ചവടം വീണ്ടും പാളയം മാർക്കറ്റ് പരിസരത്തേക്ക് മാറ്റുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.