കല്ലമ്പലം: പൊതുനിരത്തിലെ യുവാവിന്റെ ബൈക്ക് അഭ്യാസത്തെ തുടർന്നുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരിയായ വിദ്യാർഥിനിക്ക് പരിക്കേറ്റ ദൃശ്യങ്ങൾ വൈറലായതോടെ നടപടി സ്വീകരിക്കാൻ പൊലീസും എം.വി.ഡിയും. ഈ മാസം ഒമ്പതിനാണ് മടവൂർ ഞാറയിൽക്കോണം ചാന്നാങ്കരകോണം എൻ.എഫ് റോസ് വില്ലയിൽ നൗഫൽ തലവിള മുക്ക് ജങ്ഷന് സമീപത്ത് പൊതുനിരത്തിൽ അഭ്യാസപ്രകടനം നടത്തിയത്.
എതിരെ നടന്നുവരുന്ന പെൺകുട്ടികളുടെ സമീപമെത്തിയപ്പോൾ ബൈക്കിന്റെ മുൻ ടയർ ഉയർത്തി സാഹസികത കാട്ടി. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വിദ്യാർഥിനിയെ ഇടിച്ചിട്ടു. നൗഫലിനും ഈ സംഭവത്തിൽ പരിക്കേറ്റിരുന്നു. നാട്ടുകാർ അറിയിച്ചതോടെ കല്ലമ്പലം പൊലീസ് സംഭവം അന്വേഷിച്ചു.
വിദ്യാർഥിനി പരാതിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതിനാൽ പൊലീസ് നടപടികൾ നിലച്ചു. വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് അധികൃതർ വീണ്ടും നടപടിയിലേക്ക് നീങ്ങിയത്.
സമാനരീതിയിൽ ബൈക്ക് അഭ്യാസം കാണിച്ചിട്ടുണ്ടെന്നും ഏഴുതവണ നിയമലംഘനം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. നൗഫൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ വിശദീകരണം ചോദിക്കുന്നതുൾപ്പെടെ നടപടികൾ തടസ്സപ്പെട്ടു. ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. അപകടത്തിൽപെട്ട ബൈക്ക് നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു. പിന്നീട് പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.