കല്ലമ്പലം: പോക്സോ കേസിൽ പ്രതിയായി ജയിലിലടക്കപ്പെട്ടിട്ടും പഞ്ചായത്ത് അംഗത്വം രാജി വെക്കാത്ത നടപടിയിൽ മഹിള കോൺഗ്രസ് നാവായിക്കുളം പഞ്ചായേത്താഫിസിന് മുന്നിൽ ധർണ നടത്തി.
ഭരണം നഷ്ടപ്പെടാതിരിക്കാനാണ് പഞ്ചായത്തംഗമായി തുടരാൻ പോക്സോ കേസ് പ്രതിയോട് സി.പി.എം ആവശ്യപ്പെട്ടതെന്ന് അവർ ആരോപിച്ചു.
നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ ഒരു സീറ്റ് ഭൂരിപക്ഷം മാത്രമാണ് സി.പി.എമ്മിനുള്ളത്. അഞ്ചാം വാർഡായ മുക്കടയിൽ സി.പി.എം സ്ഥാനാർഥി വിജയിച്ചത് നറുക്കെടുപ്പിലൂടെയാണ്. ഈ വാർഡിൽ എണ്ണാതിരുന്ന ടെൻഡേഡ് വോട്ട് കൂടി പരിഗണിച്ച് ഫലം പ്രഖ്യാപിക്കുന്നതിനുള്ള കേസ് കോടതിയിൽ നടന്നുവരികയാണ്.
ഈ സാഹചര്യത്തിലാണ് പോക്സോ കേസ് പ്രതിയായ നാലാം വാർഡ് മെംബർ സഫറുല്ല രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം തീരുമാനിച്ചതെന്നാണ് ആക്ഷേപം. പഞ്ചായത്ത് പ്രസിഡൻറ് ഇതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നത് അപഹാസ്യമാണ്. പോക്സോ കേസ് പ്രതിയുമായി പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ തയാറെല്ലന്ന് സമരത്തിൽ പങ്കെടുത്ത വനിത മെംബർമാർ പ്രഖ്യാപിച്ചു.
ഇത്തരം സ്വഭാവ ദൂഷ്യങ്ങൾ ഉള്ളതായി നേരത്തെ അറിയാമായിരുന്നിട്ടും നാലാം വാർഡ് മെംബറായ സഫറുല്ലയെ സ്ഥാനാർഥിയാക്കിയതിന് സി.പി.എം നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും ധർണ ഉദ്ഘാടനം ചെയ്ത കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അഡ്വ. എം.എം. താഹ ആവശ്യപ്പെട്ടു.
പോക്സോ കേസ് പ്രതിയെ പഞ്ചായത്തംഗമായി തുടരാൻ വഴിവിട്ട കളികളാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. അതിെൻറ ഭാഗമായാണ് നിശ്ചയിച്ചിരുന്ന പഞ്ചായത്ത് കമ്മിറ്റി യോഗം പോലും ഒരു മുന്നറിയിപ്പുമില്ലാതെ മാറ്റിവെച്ചത്.
അഭിമാന ബോധമുള്ള സി.പി.എം പഞ്ചായത്ത് അംഗങ്ങൾ ഈ ഹീന കൃത്യത്തിൽ പ്രതിഷേധിക്കാനും മെംബറെ രാജിവെപ്പിക്കാനും തയാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടിയാണ് മഹിളകൾ ധർണ ക്കെത്തിയത്. മണ്ഡലം പ്രസിഡൻറ് എ. സന്ധ്യ അധ്യക്ഷത വഹിച്ചു.
മഹിള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറും പഞ്ചായത്ത് അംഗവുമായ സുഗന്ധി, കുടവൂർ നിസാം, ബിനു, എൻ സിയാദ്, എസ് മണിലാൽ, ശ്രീകുമാർ, നിസ നിസാർ, ജി.ആർ സീമ, റഫീക്കാബിവി, ലിസി, റീന ഫസൽ, സൗമ്യ, ഹക്കീനാ, സുപ്രഭ, സുധീന, അശ്വതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.