കല്ലമ്പലം: കഴിഞ്ഞദിവസം മുള്ളറംകോട്ട് മൂന്ന് സുഹൃത്തുക്കളുടെ ജീവനപഹരിച്ച സംഭവപരമ്പരയിൽ കൊല്ലപ്പെട്ട മുള്ളറംകോട് അജീഷ്ഭനിൽ അജിത്ത് നിത്യരോഗിയായ മാതാവ് ഉമയുടെ ഏക അത്താണിയായിരുന്നു. സംഭവത്തിൽ ആദ്യം കൊല്ലപ്പെട്ട അജികുമാറിനെയും ആത്മഹത്യ ചെയ്ത ബിനുരാജിനെയും അപേക്ഷിച്ച് വ്യാപകമായ തോതിൽ മദ്യം ഉപയോഗിക്കുന്നയാളായിരുന്നില്ല.
അജികുമാറിന്റെ മരണം നടക്കുന്ന ഞായറാഴ്ച അജികുമാറിന്റെ വീട്ടിൽ നടന്ന മദ്യസൽക്കാരത്തിൽ അജിത്ത് പങ്കെടുത്തിരുന്നുമില്ല. മേസൺ പണിയുമായി ബന്ധപ്പെട്ട് മൂന്നാറിലായിരുന്ന അജിത്ത് സുഹൃത്തും ബന്ധുവുമായ അജികുമാറിന്റെ മരണവിവരം അറിഞ്ഞാണ് തിങ്കളാഴ്ച രാത്രി നാട്ടിലെത്തിയത്. കുട്ടിക്കാലത്തുതന്നെ പിതാവ് നഷ്ടമായ അജിത്തിന് ജ്യേഷ്ഠനാണ് കൂടപ്പിറപ്പായുള്ളത്.
ഒറ്റൂർ പഞ്ചായത്തിന്റെ പാലിയേറ്റിവ് കെയറിന്റെ ചികിത്സയിലുള്ളയാളാണ് അജിത്തിന്റെ മാതാവ് ഉമ. തിങ്കളാഴ്ച രാത്രി മുള്ളറംകോട് ദേവീക്ഷേത്രത്തിന് സമീപം മദ്യപിച്ച് വാക്കേറ്റമുണ്ടായ ശേഷം അജിത്തിനെ സുഹൃത്ത് സജിത്ത് പിക്കപ്പ് വാഹനമിടിച്ച് കൊലപ്പെടുത്തുമ്പോഴും അജിത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് അടുത്ത സുഹൃത്തുക്കൾ നൽകുന്ന വിവരം. മാത്രമല്ല അജികുമാറിന്റെ മരണത്തിന്റെ നിജസ്ഥിതിയറിയാൻ വേണ്ടിയാണ് സുഹൃത്തുക്കളോടൊപ്പം ചേർന്നതെന്നും പറയപ്പെടുന്നു.
അജികുമാറിന്റെ കൊലയിൽ സുഹൃത്തുക്കളെയും ബിനുരാജിനെയും സംശയമുണ്ടായിരുന്ന അജിത്ത് ഇത് ചോദ്യം ചെയ്തതായിരുന്നു അജിത്തിനെ വകവരുത്താൻ സജിത്തിനെ പ്രേരിപ്പിച്ചത്. അവിവാഹിതനായ അജിത്ത് അടുത്തിടെ വിവാഹനിശ്ചയം നടത്താനിരുന്നതായും സുഹൃത്തുക്കൾ പറയുന്നു. അജിത്ത് കൊല്ലപ്പെടുമ്പോൾ കോവിഡ് പോസിറ്റിവായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടുമുണ്ട്. അതിനാൽ ബുധനാഴ്ച രാത്രിയോടെയാണ് മൃതദേഹം സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.