നാ​വാ​യി​ക്കു​ളം സ്റ്റാ​ച്യൂ ജ​ങ്ഷ​നി​​െല ക്ഷേ​ത്ര പ്ര​വേ​ശ​ന

വി​ളം​ബ​ര സ്തൂ​പം

ദേശീയപാത വികസനം; ക്ഷേത്ര പ്രവേശന വിളംബര സ്തൂപം പൊളിച്ചുമാറ്റൽ ഭീഷണിയിൽ

കല്ലമ്പലം: ദേശീയപാത വികസനത്തിൽ നാവായിക്കുളത്തെ ക്ഷേത്രപ്രവേശന വിളംബര സ്തൂപം പൊളിച്ചുമാറ്റൽ ഭീഷണിയിൽ. നാവായിക്കുളം ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ ദേശീയ പാതയോരത്താണ് വിളംബര സ്തൂപം സ്ഥാപിച്ചിട്ടുള്ളത്. പാത വികസനത്തോടെ നിലവിലെ സ്തൂപം പൊളിച്ചുമാറ്റേണ്ടിവരും.

ചരിത്ര പ്രധാനവും പൈതൃക പ്രാധാന്യവുമുള്ള സ്തൂപം സംരക്ഷിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊളിച്ചുമാറ്റാൻ സാധ്യതയുള്ള സ്മാരകങ്ങൾ ജനങ്ങൾ മുൻ കൈയെടുത്ത് മാറ്റിസ്ഥാപിക്കുന്നുണ്ട്. മംഗലപുരം ചെമ്പകമംഗലത്ത് ചുമടുതാങ്ങി ഇത്തരത്തിൽ നാട്ടുകാർ മാറ്റി സ്ഥാപിച്ചിരുന്നു.

1936 നവംബർ 12ന് തിരുവിതാംകൂർ ചിത്തിര തിരുനാൾ ബാല രാമവർമയാണ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്. അക്കാലത്ത് നാവായിക്കുളം ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിനുള്ളിലും പരിസരത്തും സവർണർക്ക് മാത്രമേ സഞ്ചാര സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളൂ.

അതിനാലാണ് ക്ഷേത്ര പ്രവേശന സ്തൂപം നാവായിക്കുളത്ത് സ്ഥാപിച്ചത്. ജില്ലയിൽ തിരുവനന്തപുരത്തിനു പുറമെ, നാവായിക്കുളത്ത് മാത്രമാണ് ഇത്തരത്തിൽ ഒരു സ്മാരകശിലയുള്ളത്. പത്തടി ഉയരമുള്ള കരിങ്കൽ സ്തൂപത്തിന് മുകളിൽ ക്ഷേത്രപ്രവേശന വിളംബരമെന്ന് മലയാളത്തിലും ഇംഗ്ലീഷിലും കൊത്തിവെച്ചിട്ടുണ്ട് . ശ്രീപത്മനാഭസ്വാമിയുടെ ചെറിയ രൂപവും ഇതിലുണ്ട്.

വിളംബര സ്തൂപം വന്നതോടെ ഈ സ്ഥലത്തിന്റെ പേരും സ്റ്റാച്യൂ ജങ്ഷൻ എന്നായി. സ്തൂപം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും മലയാള വേദിയും കലക്ടർക്കുൾപ്പെടെ നിവേദനം നൽകി. വാർഡ് മെംബർ നാവായിക്കുളം അശോകന്‍റെ നേതൃത്വത്തിൽ റവന്യൂ വകുപ്പിനും ദേശീയപാത അതോറിറ്റിക്കും നിവേദനം നൽകിയിരുന്നു. ജങ്ഷനിൽ ലഭ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതായി നാവായിക്കുളം അശോകൻ പറഞ്ഞു. 

Tags:    
News Summary - National Highway Development-traditional statue under threat of demolition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.