കല്ലമ്പലം: അരനൂറ്റാണ്ടായുള്ള നാട്ടുകാരുടെ ആവശ്യം യാഥാർഥ്യത്തിലേക്ക്, ഇ.എസ്.ഐ ആശുപത്രി കെട്ടിടനിർമാണം പൂർത്തിയായി. നാവായിക്കുളം മുക്കടക്ക് സമീപമുള്ള ഇ.എസ്.ഐയുടെ പുരയിടത്തിലാണ് കെട്ടിടം നിർമിച്ചത്. ചുറ്റുമതിൽ, കെട്ടിടത്തിലേക്കുള്ള റോഡ് എന്നിവ പൂർത്തിയാകാനുണ്ട്.
1985ലാണ് ആശുപത്രിക്ക് ഇ.എസ്.ഐ സ്ഥലം വാങ്ങിയത്. എന്നാൽ, ആശുപത്രി നിർമ്മാണം ആരംഭിച്ചില്ല. 2012ൽ ശിലാസ്ഥാപനം നടത്തിയിട്ടും തുക അനുവദിക്കത്തത്തിനാൽ തുടർനടപടി ഉണ്ടായില്ല. പുരയിടം കാടുപിടിച്ച് കിടക്കുകയായിരുന്നു. ഭൂമി ആശുപത്രി കെട്ടിട നിർമാണത്തിന് അനുയോജ്യമല്ലാത്ത ചതുപ്പാണെന്ന റിപ്പോർട്ടാണ് കെട്ടിട നിർമാണം വൈകാൻ കാരണം.
ചതുപ്പല്ലെന്നും കെട്ടിട നിർമാണത്തിന് അനുയോജ്യ ഭൂമിയാണെന്നും ജനപ്രതിനിധികൾ ചൂണ്ടികാട്ടിയതിനെ തുടർന്ന് രണ്ട് വർഷം മുമ്പ് ഇ.എസ്.ഐ ബോർഡ് അംഗം വി. രാധാകൃഷ്ണൻ ചെയർമാനായ സബ് കമ്മിറ്റി കേരള റീജീയണൽ ഡയറക്ടർ, ഇൻഷൂറൻസ് കമീഷണർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിച്ചു. തുടർന്ന് 5.22 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. ഇതിൽ 3.92 കോടി രൂപ കെട്ടിട നിർമാണത്തിനാണ്. ധാരാളം ഇ.എസ്.ഐ തൊഴിലാളികളുള്ള നാവായിക്കുളത്തിന് ആശുപത്രി ഗുണകരമാകും. ഇപ്പോൾ അസൗകര്യങ്ങളോടെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഡിസ്പെൻസറിയും ബ്രാഞ്ച് ഓഫിസും ഒരു കെട്ടിടത്തിലേക്ക് വരുന്നത് തൊഴിലാളികൾക്ക് അനുഗ്രഹമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.