കല്ലമ്പലം: പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് റോഡ് ക്വാറി കമ്പനിക്ക് തീറെഴുതിയതായി പ്രതിപക്ഷം ആരോപിച്ചു. ക്വാറികളുടെ പ്രവർത്തന അനുമതിക്ക് പുറമെ റോഡുകൾ തന്നെ ഭരണസമിതി തീരുമാനമെടുത്ത് ക്വാറി കമ്പനിക്ക് വിട്ടുനൽകി. നേരത്തേ ഇവിടെ ക്വാറികളുടെ പ്രവർത്തനം പരാതികളെതുടർന്ന് കലക്ടർ ഇടപെട്ട് തടഞ്ഞിരുന്നു.
വിഴിഞ്ഞം പദ്ധതിയുടെ മറവിൽ ക്വാറികൾക്ക് അനുമതി ലഭിച്ചതിന് പിന്നാലെയാണ് പഞ്ചായത്ത് റോഡ് ക്വാറി കമ്പനിക്ക് തീറെഴുതി നൽകിയത്. പഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകളിൽകൂടി കടന്നുപോകുന്ന ഊന്നംകല്ല് - കലതിപ്പച്ച റോഡാണ് ക്വാറിയിലേക്കുള്ള സഞ്ചാരപാത ഒരുക്കാൻ പഞ്ചായത്ത് വിട്ടുനൽകിയത്. തീരുമാനം പഞ്ചായത്തീരാജ് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.
നിലവിൽ സ്വകാര്യ കമ്പനി ഈ റോഡിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ല പഞ്ചായത്ത് പദ്ധതി പ്രകാരം 42 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച റോഡാണ് സ്വകാര്യ കമ്പനിക്ക് വിട്ടുനൽകിയത്. അമ്പത് ടണ്ണിൽ കൂടുതൽ ഭാരം കയറ്റിപ്പോകുന്ന വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാനുതകുന്ന വിധം റോഡ് മാറ്റംവരുത്താനാണ് വിട്ടുനൽകുന്നത് എന്നാണ് പഞ്ചായത്ത് കമ്മിറ്റിയിൽ ഭരണസമിതി വിശദീകരിച്ചത്.
ഇത്തരത്തിൽ സ്വകാര്യ വ്യക്തിക്ക്, അല്ലെങ്കിൽ സ്ഥാപനത്തിന് ഫണ്ട് ചെലവഴിച്ച് നിർമാണം നടത്തണമെങ്കിൽ അവർ ഫണ്ട് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന് കൈമാറി പ്രാദേശിക ഭരണകൂടമാണ് ഫണ്ട് ചെലവഴിച്ച് നിർമാണം നടത്തേണ്ടത്. അതിന് വിരുദ്ധമായി സ്വകാര്യ കമ്പനിക്ക് റോഡ് കൈമാറിയത് പ്രദേശവാസികളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച സൈഡ് വാൾ, അനുബന്ധ നിർമാണങ്ങൾ എല്ലാം പൊളിച്ചുമാറ്റി. ജലജീവൻ മിഷൻ പദ്ധതി പ്രകാരം സ്ഥാപിച്ച കുടിവെള്ള പൈപ്പ് ലൈനിനെയും ബാധിച്ചേക്കാം. ഭാവിയിൽ സ്വകാര്യ കമ്പനിക്ക് ടോൾ പിരിവ് നടത്താനുള്ള അവകാശവും ലഭിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.
കോൺഗ്രസ് ജനപ്രതിനിധികളായ എ. ഷിബിലി, എം. മുബാറക്, നിസ മുജീബ്, തസ്ലീന ബീഗം, റീനാകുമാരി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് തീരുമാനത്തിനെതിരെ ഓംബുഡ്സ്മാന് പരാതി നൽകി. ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്യാൻ നീക്കമാരംഭിച്ചു. വരും ദിവസങ്ങളിൽ ശക്തമായ സമരങ്ങൾക്കും പഞ്ചായത്തിലെ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
ഭരണനേതൃത്വവും സി.പി.എം നേതാവും പഞ്ചായത്ത് കമ്മിറ്റിയെ നോക്കുകുത്തിയാക്കി മാഫിയകളുമായി അവിശുദ്ധബന്ധം സ്ഥാപിക്കുകയാണെന്ന് കോൺഗ്രസ് പള്ളിക്കൽ മണ്ഡലം പ്രസിഡൻറ് എസ്. നിസാം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എ. ഷിബിലി, എം. മുബാറക്, നിസ മുജീബ്, തസ്ലീനബീഗം, റീനാകുമാരി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസാ നിസാം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.