കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ പോക്സോ കേസിൽ പ്രതിയായ പഞ്ചായത്തംഗം സഫറുല്ല രാജി വെച്ചു. നാലാം വാർഡായ മരുതിക്കുന്നിലെ സി.പി.എം അംഗമാണ് സഫറുല്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സഫറുല്ല രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസ് ശക്തമായ സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതോടെ വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. എന്നാൽ സി.പി.എം നാവായിക്കുളം ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ട് മരുതിക്കുന്നിൽ ചൊവ്വാഴ്ച സ്വാഗത സംഘം ചേരാനിരിക്കെ സഫറുല്ലയുടെ രാജിക്ക് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. 22 വാർഡുകളുള്ള നാവായിക്കുളം പഞ്ചായത്തിൽ ഭരണകക്ഷിയായ സി.പി.എമ്മിന് ഒമ്പത് അംഗങ്ങളാണ് ഉണ്ടായിരുന്നത്.
സഫറുല്ലയുടെ രാജിയോടെ അത് എട്ടായി ചുരുങ്ങി. അഞ്ചാം വാർഡായ മുക്കടയിൽ സി.പി.എം അംഗം നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് സംബന്ധിച്ച് പ്രതിപക്ഷം നൽകിയ കേസ് ഹൈകോടതിയുടെ പരിഗണനയിലുമാണ്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനും എട്ട് അംഗങ്ങളാണുള്ളത്. അഞ്ച് അംഗങ്ങളുള്ള ബി.ജെ.പിയുടെ നിലപാട് ഒരുപേക്ഷ ഭരണമാറ്റത്തിനും വഴി വെച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.