കല്ലമ്പലം: മഴക്കെടുതിയിൽ കല്ലമ്പലം ഭാഗത്ത് നാശനഷ്ടങ്ങൾ വർധിക്കുന്നു. ഒരാഴ്ചയായി തുടരുന്ന മഴ വ്യാപക നാശനഷ്ടം വരുത്തിയിട്ടുണ്ട്. നിരവധി വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് യാത്രദുരിതം വർധിച്ചു. മരം വീണു വൈദ്യുതി തടസ്സപ്പെടുന്നത് പതിവാണ്. കിണറുകൾ ഇടിഞ്ഞുതാഴ്ന്നതും മതിലുകൾ തകർന്നുവീഴുന്നതുമായ നിരവധി സംഭവങ്ങളുണ്ടായി. തോട്ടയ്ക്കാട് പാലത്തിനു സമീപം മുഹമ്മദ് മോഹ്സിന്റെ വീടിന്റെ മതിലുകൾ തകർന്നു.
മണമ്പൂർ പഞ്ചായത്തിലെ വലിയവിള മയിൽപ്പീലിയിൽ ജയന്റെ വീടിന്റെ മതിലിന്റെ ഒരുഭാഗം പാറക്കെട്ടുൾപ്പെടെ താഴ്ചയിലുള്ള കൃഷ്ണൻകുട്ടിയുടെ വീടിന്റെ കുളിമുറിയുടെ സമീപത്തേക്ക് തകർന്നുവീണു. വീടിന് സമീപം ഒരടി ചേർന്ന് മണ്ണിൽ വിള്ളലും കാണപ്പെട്ടിട്ടുണ്ട്. കനത്തമഴയിൽ മണ്ണ് കുതിർന്നതാണ് തകർച്ചക്ക് കാരണം.
തേവലക്കാട് എസ്.എൻ.യു.പി സ്കൂളിന്റെ വലിയ കോമ്പൗണ്ട് മതിലും കഴിഞ്ഞദിവസത്തെ മഴയിൽ ഇടിഞ്ഞു. സ്കൂളിന് സമീപം താമസിക്കുന്ന തേവലക്കാട് തില്ല വിലാസത്തിൽ ലിസിയുടെ കുളിമുറിയുടെയും അടുക്കളയുടെയും വാട്ടർ പൈപ്പുകളുടെയും ഇലക്ട്രിക് പോസ്റ്റിന്റെയും മുകളിലൂടെയാണ് മതിൽ വീണത്. വീടിന് കേടുപാടുകൾ ഉണ്ടായി.
നൈനാംകോണം ചിത്രഭവനിൽ ചിത്രയുടെ വീട് തകർന്നുവീണു. പഴക്കം ചെന്ന ഓടിട്ട വീടായിരുന്നു. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മുൻഗണനാ ക്രമത്തിൽ ചിത്രക്ക് വീട് അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ അറിയിച്ചു.
നാവായിക്കുളം നൈനാംകോണം കാട്ടിൽ വീട്ടിൽ അസീതയുടെ വീട് ഭാഗികമായി തകർന്നു. നാവായിക്കുളം കടമ്പാട്ടുകോണം പൊന്നിൻവിള വീട്ടിൽ ശാന്തമ്മയുടെ വീട് ഭാഗികമായി തകർന്നു. ഇരുവീട്ടുകാരെയും ബന്ധുവീടുകളിലേക്ക് മാറ്റിതാമസിപ്പിച്ചു. ഒറ്റൂർ പഞ്ചായത്തിൽ രണ്ട് കിണറുകൾ ഭാഗികമായി തകരുകയും ഇടിഞ്ഞ് താഴുകയും ചെയ്തു. ഒറ്റൂർ പുതുവൽവിള പുത്തൻ വീട്ടിൽ വിജയന്റെയും ഞെക്കാട് കുന്നുപുറത്തു വീട്ടിൽ സുധർമയുടെയും കിണറുകളാണ് ഇടിഞ്ഞു താഴ്ന്നത്. ചെമ്മരുതി പഞ്ചായത്തിലെ 17ാം വാർഡ് ഹരിജൻ കോളനി രമണി വിലാസത്തിൽ രമണിയുടെ വീടിന്റെ അടുക്കള ഭാഗം തകർന്നു. മുത്താന ചരുവിള പുത്തൻ വീട്ടിൽ ചെല്ലമ്മയുടെ വീടിന്റെ അടുക്കള ഭാഗവും മഴയത്ത് തകർന്നു. മണമ്പൂർ, ഒറ്റൂർ, കരവാരം, നാവായിക്കുളം പഞ്ചായത്ത് പ്രദേശങ്ങളിൽ വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.