കല്ലമ്പലം: പാഠ്യഭാഗങ്ങൾക്ക് പുറമെ, വിവിധ പുസ്തകങ്ങൾ വായിക്കാനും കൂടി സമയം കണ്ടെത്തുകയാണ് ഈ കുരുന്നുകൾ.
തോട്ടയ്ക്കാട് ഗവ. എൽ.പി.എസിലെ മൂന്നാം ക്ലാസ് വിദ്യാർഥികളായ ജിതിനും അഭിമന്യുവും കോവിഡ് കാലത്ത് വായിച്ചു തീർത്തത് മുന്നൂറിലധികം പുസ്തകങ്ങളാണ്. വായിക്കുക മാത്രമല്ല, വായിച്ച് കഥകളുടെയും കവിതകളുടെയും കുറിപ്പുകൾ കൂടി തയാറാക്കി, ചിത്രങ്ങൾ കൂടി വരച്ചു ചേർക്കുക ഇവരുടെ ശീലമാണ്.
സ്കൂളിൽ തുടർന്നുകൊണ്ടിരിക്കുന്ന വായന പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ സജ്ജമായ ഹോം ലൈബ്രറികളിലെ പുസ്തകങ്ങളാണ് കുട്ടികൾ വായനക്കായി തെരഞ്ഞെടുത്തത്. ആഴത്തിലുള്ള വായന ലക്ഷ്യമിട്ടാണ് അധ്യാപകർ വായനക്കൊപ്പം വായന കുറിപ്പ് പുസ്തകം കൂടി ഏർപ്പെടുത്തിയത്. ഈ പ്രവർത്തനത്തിലൂടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളെയും നല്ല വായനക്കാരാക്കി മാറ്റാൻ കഴിഞ്ഞതായി അധ്യാപകർ പറയുന്നു.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പരിഷത്തിന്റെയുമൊക്കെ പുസ്തകങ്ങളാണ് കുട്ടികൾ വായനക്കായി അധികവും തെരഞ്ഞെടുത്തത്. ഈ കുട്ടികളുടെ വായന കുറിപ്പുകൾ പുസ്തക രൂപത്തിലാക്കാനുള്ള തയാറെടുപ്പിലാണ് അധ്യാപകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.