തോട്ടയ്ക്കാട് പാലം ജങ്ഷനിൽ ദേശീയപാതയിലെ വെള്ളം സ്വകാര്യവസ്തുക്കളിൽ കെട്ടിനിൽക്കുന്നു
കല്ലമ്പലം: തോട്ടയ്ക്കാട് വെള്ളക്കെട്ട് ദുരിതം സൃഷ്ടിക്കുമ്പോഴും ഇടപെടാതെ അധികൃതർ. ദേശീയപാതയിൽ തോട്ടയ്ക്കാട് പാലം ജങ്ഷനിലാണ് മഴവെള്ളം സമീപത്തെ പുരയിടങ്ങളിലേക്ക് കയറി വ്യാപക കൃഷിനാശത്തിന് കാരണമാകുന്നത്. വെള്ളക്കെട്ട് വീടുകളുടെ ബലക്ഷയത്തിനും കാരണമാകുന്നു.
പാലത്തിന് സമീപം അശാസ്ത്രീയമായി നിർമിച്ച ഓടയാണ് പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയായി മാറിയത്. മഴക്കാലത്ത് ദേശീയപാതയിൽകൂടി ഒഴുകിവരുന്ന മഴവെള്ളവും റോഡിലെ മലിനജലവുമാണ് ഇവിടെ കെട്ടിനിൽക്കുന്നത്.
നേരത്തേ കലുങ്ക് വഴി വെള്ളം ഒഴുകി മറുവശത്ത് പോകുമായിരുന്നു. എന്നാൽ, എതിർവശത്തെ വസ്തുക്കൾ ഉയർത്തിയതോടെ കലുങ്ക് അടയുകയും വെള്ളക്കെട്ടാകുകയും ചെയ്തു.
നിലവിൽ പാലത്തിന് മുമ്പ് സ്വകാര്യവ്യക്തികളുടെ കൃഷിയിടത്തിൽ വെള്ളം നിറഞ്ഞുനിൽക്കുകയാണ്. വ്യാപകമായ കൃഷി നാശം ഇത് കാരണം ഉണ്ടായിട്ടുണ്ട്. താഴ്ന്ന പ്രദേശമായതിനാൽ സമീപപ്രദേശത്തെ കിണറുകൾ മലിനമാകുകയും വെള്ളം ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലുമായി.
ദേശീയപാതയിൽ വലിച്ചെറിയുന്ന മാംസാവശിഷ്ടങ്ങൾ, കടുവയിൽ ജങ്ഷൻ മാർക്കറ്റിലെ മത്സ്യ അവശിഷ്ടങ്ങൾ എന്നിവയെല്ലാം വെള്ളക്കെട്ടിൽ ഒഴുകിയെത്തുന്നു. മാലിന്യം അഴുകി രൂക്ഷ ഗന്ധത്തിനും പരിസര മലിനീകരണത്തിനും കാരണമാകുന്നു. കൊതുക് ശല്യവും രൂക്ഷമാണ്. മാലിന്യം സ്ഥിരമായി അടിഞ്ഞുകൂടിയതോടെ മറ്റിടങ്ങളിൽനിന്നുള്ള മാലിന്യ നിക്ഷേപവും ഇവിടെയുണ്ട്.
പുതിയ ഓട നിർമിച്ച് റോഡിലൂടെ ഒഴുകിവരുന്ന വെള്ളം തോട്ടിലേക്ക് എത്തിച്ചാൽ മാത്രമേ നിലവിലെ പ്രശ്നത്തിന് പരിഹാരമാകൂ. നിലവിലെ വെള്ളക്കെട്ട് മുതൽ തോടുവരെ അമ്പത് മീറ്റർ അകലം മാത്രമാണുള്ളത്. ഇത്രയും ദൂരത്തേക്ക് ഓട നീട്ടുന്നതിന് തദ്ദേശവാസികൾ വർഷങ്ങളായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ്. ഗ്രാമപഞ്ചായത്ത് അധികൃതർ ഇത് കണ്ടഭാവം നടിക്കുന്നില്ല.
കടുവയിൽ സൗഹൃദ റെസിഡന്റ്സ് അസോസിയേഷനും കെ.ടി.സി.ടി ട്രസ്റ്റും നാട്ടുകാരും അധികൃതർക്ക് പരാതികൾ സമർപ്പിച്ചെങ്കിലും പ്രശ്ന പരിഹാരം അകലെയാണ്. എൻജിനീയറിങ് വിദ്യാർഥിയായ സുഹൈൽ അമ്പത് സെൻറിൽ നടത്തുന്ന പച്ചക്കറി കൃഷിയടക്കം ഇപ്പോൾ വെള്ളത്തിലാണ്.
വെള്ളക്കെട്ട് ഗൗരവത്തോടെ കാണുന്നു –എം.എൽ.എ
കല്ലമ്പലം: തോട്ടയ്ക്കാട് വെള്ളക്കെട്ട് ഗൗരവത്തോടെ കാണുന്നതായും ശാശ്വത പരിഹാരത്തിന് ഹൈവേ അതോറിറ്റിയോട് നിർദേശിച്ചിരുന്നതായും ഒ.എസ്. അംബിക എം.എൽ.എ പറഞ്ഞു. എസ്റ്റിമേറ്റ് എടുക്കൽ ഉൾപ്പെടെ പൂർത്തിയായിരുന്നു. ഇത്രയും വേഗം പണി ചെയ്യിക്കുന്നതിന് ഇടപെടുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.