കല്ലമ്പലം: കുടവൂരിൽ കരടിയെ കണ്ടതായി സംശയം. നാട്ടുകാർ ജാഗ്രതയിൽ. അടുത്തിടെ കൊല്ലം ജില്ലയിലെ ശീമാട്ടി, കല്ലുവാതുക്കൽ പ്രദേശങ്ങളിൽ കണ്ടെത്തിയ കരടി നാവായിക്കുളം പഞ്ചായത്തിെൻറ കുടവൂർ പ്രദേശങ്ങളിൽ എത്തിയതായി സംശയിക്കുന്നു. നാട്ടുകാരിൽ ചിലർ കരടിയെയും കരടിയുടെ കാൽപാടുകളും കണ്ടെന്നാണ് പറയുന്നത്.
മടന്തപ്പച്ച സ്വദേശി റൈഹാനത്ത് കഴിഞ്ഞദിവസം രാത്രിയിൽ മകൻ ആസിഫ് ബൈക്കിൽ വീട്ടിലെത്തിയ ശബ്ദം കേട്ട് പുറത്തിറങ്ങുമ്പോൾ കരടിയെ കണ്ടുവെന്നും മകനോട് കരടിയിൽനിന്ന് രക്ഷപ്പെടാൻ വിളിച്ചുപറെഞ്ഞന്നുമാണ് പറയുന്നത്. ഇവരുടെ ബഹളം കേട്ട് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല.
എന്നാൽ കരടിയുടെതെന്ന് തോന്നിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. ഫോറസ്റ്റിൽ വിവരമറിയിച്ചിട്ട് അധികൃതർ എത്തിയില്ലെന്നും ആക്ഷേപമുണ്ട്.കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വെറും അഭ്യൂഹങ്ങളാണ് ഇതിനുപിന്നിലെന്നും സംശയിക്കുന്നു.
എന്നാൽ രണ്ടാഴ്ചമുമ്പ് ശീമാട്ടി കല്ലുവാതുക്കൽ പ്രദേശങ്ങളിൽ സി.സി.ടി.വി ദൃശ്യങ്ങളിൽ കരടിയെ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസും ഫോറസ്റ്റും നാട്ടുകാരും ഊർജിത അന്വേഷണം നടത്തിയിരുന്നു. ഈ കരടി സമീപ ജില്ലയിലേക്ക് എത്തിയതാകാമെന്ന് നാട്ടുകാർ സംശയിക്കുന്നു. എന്തായാലും നാട്ടുകാർ പൂർണ ജാഗ്രതയിലാണ്. രാവിലെയുള്ള പത്ര, പാൽ, മത്സ്യ വിതരണക്കാർ ശ്രദ്ധിക്കണമെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.