കല്ലമ്പലം: റോഡരികിലെ തണലിടത്തിൽ സംസാരിച്ച് നിന്നവർക്ക് ഇടയിലേക്ക് അപ്രതീക്ഷിതമായി പാഞ്ഞുകയറിയ വാഹനമുണ്ടാക്കിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് നാടാകെ. കെ.ടി.സി.ടി ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്ന് അമ്പത് മീറ്റർ മാത്രം അകലെയാണ് ബസ് സ്റ്റോപ്. ദേശീയപാതക്ക് അരികിൽ തണൽ മരങ്ങളുള്ള ഭാഗത്താണ് കുട്ടികൾ ബസ് കാത്തുനിൽക്കാറുള്ളത്.
മൂന്നരക്ക് ക്ലാസ് കഴിഞ്ഞയുടൻ ആദ്യ ബസിൽതന്നെ വീടെത്താൻ ഓടിയെത്തിയവരാണ് അപ്പോൾ സ്റ്റോപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ, ബസ് എത്തും മുമ്പ് ആഡംബര കാർ ഇവർക്കിടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ആ ഭാഗത്തേക്ക് നോക്കിയ വ്യാപാരികളും ജങ്ഷനിലുണ്ടായിരുന്നവരും കണ്ടത് വിദ്യാർഥികൾ പല ഭാഗത്തേക്ക് തെറിച്ചുപോകുന്നതാണ്.
വാഹനം നേരിട്ട് ഇടിച്ചവർക്ക് പുറമെ തെറിച്ചുവീണ കുട്ടികൾ കൂട്ടിയിടിച്ചും പലർക്കും പരിക്കേറ്റു. പത്ത് മീറ്റർ അകലേക്കുവരെ കുട്ടികൾ തെറിച്ചുവീണു. ശ്രേഷ്ഠയും രണ്ടു സുഹൃത്തുക്കളും കാറിന് അടിയിൽപെട്ടു. സുഹൃത്തുക്കൾ ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ട വിദ്യാർഥിനികളിൽ പലരും കുഴഞ്ഞുവീണു.
സുഹൃത്തുക്കൾക്ക് അപകടം പറ്റിയതറിഞ്ഞ് കോളജ് വിദ്യാർഥികളും ഓടിയെത്തിയെങ്കിലും സ്ഥലത്തെ കാഴ്ച കണ്ട് മരവിച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ. തുടർന്ന് ആംബുലൻസുകൾക്ക് ഒപ്പവും അല്ലാതെയും കുട്ടികൾ ഹോസ്പിറ്റലിലേക്ക് പാഞ്ഞെത്തി.
കൂട്ടുകാരുടെ ആരോഗ്യവസ്ഥയിലുള്ള ആശങ്കയിലായിരുന്നു അവരെല്ലാം. സഹപാഠികളിൽ ഒരാൾ മരിച്ചെന്നതും രണ്ടുപേരുടെ നില ഗുരുതരമാണെന്നതും അവരെ തളർത്തി. കെ.ടി.സി.ടി ആശുപത്രിയുടെ വരാന്തയിലും പരിസരത്തുമായി കുട്ടികൾ തളർന്നിരുന്നു. അധ്യയനവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് വിദ്യാർഥികൾ.
രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ
കല്ലമ്പലം: വിദ്യാർഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടന്നത് സമയബന്ധിതമായി ചികിത്സ ഉറപ്പുവരുത്തുന്നതിന് സഹായിച്ചു. കല്ലമ്പലം പൊലീസും നാട്ടുകാരും കോളജ് അധികൃതരും ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
തുടർന്ന് കെ.ടി.സി.ടി ഭാരവാഹികളും എത്തി ചികിത്സ ഉൾപ്പെടെ കാര്യങ്ങൾ ഏകോപിപ്പിച്ചു. ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും വിദഗ്ധ ചികിത്സ ആവശ്യമുള്ള കുട്ടികളെ മറ്റു ആശുപത്രികളിൽ വേഗത്തിൽ എത്തിക്കാനും ഇത് സഹായിച്ചു.
അപകട കാരണം അമിതവേഗവും കാർ ഡ്രൈവർ ഉറങ്ങിപ്പോയതും ആകാമെന്ന നിഗമനത്തിലാണ് പൊലീസ്. അപകടസ്ഥലത്ത് നിന്നുതന്നെ കാർ ഡ്രൈവർ കൊല്ലം അഞ്ചാലുംമൂട് സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കുട്ടികളെ ആശുപത്രികളിൽ എത്തിച്ചു കഴിഞ്ഞയുടൻ ഡ്രൈവറെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
ഇയാളുടെ മൊഴിയുടെകൂടി അടിസ്ഥാനത്തിലാണ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾക്കുശേഷം മാത്രമേ സ്ഥിരീകരിക്കണം നൽകാനാകൂവെന്ന് പൊലീസ് പറഞ്ഞു.
അപകടം നടന്ന സ്ഥലം നിലവിൽ പതിവായി അപകടങ്ങളുണ്ടാകുന്ന ഇടമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മുപ്പതോളം അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. റോഡിലെ വളവുകളും മറ്റൊരു പ്രധാന പാത വന്നുചേരുന്നതും ഇവിടത്തെ ഗതാഗതം സങ്കീർണമാക്കുന്നു. ഒറ്റൂർ ഭാഗത്തുനിന്നുള്ള പ്രധാന പാതയാണ് ഹൈവേയിൽ മണമ്പൂർ ആയാംകോണം ജങ്ഷനിൽ വന്നുചേരുന്നത്.
റോഡിൽ ഡിവൈഡർ ഇല്ലാത്തതും ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. കോളജിന് പുറമെ പൊതുവിദ്യാലയം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഇതിനരികിൽ പ്രവർത്തിക്കുന്നുണ്ട്. ആറ്റിങ്ങൽ, വർക്കല മേഖലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പഠനത്തിന് പോകുന്ന ഈ മേഖലയിലെ കുട്ടികൾ ബസ് കയറുന്നത് ഈ ജങ്ഷനിൽനിന്നാണ്. എന്നാൽ, ആവശ്യമായ യാതൊരു സുരക്ഷയും ഇവിടെയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.