കല്ലമ്പലം: ഒരുകാലത്ത് നാവായിക്കുളം പഞ്ചായത്തിെൻറ വടക്കൻ മേഖലയുടെ ജലവാഹിനിയായിരുന്ന വെട്ടിയറ തോട് എക്കൽ മണ്ണ് നിറഞ്ഞും കാടും പടർപ്പും മാലിന്യവും മറ്റും നിറഞ്ഞ് മൂടിയതോടെ നീരൊഴുക്ക് തടസ്സപ്പെട്ട് വെട്ടിയറ ഏലാ വെള്ളത്തിനടിയിലായിട്ട് വർഷങ്ങളായി.
പഞ്ചായത്തിലെ 3, 4, 20, 21 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന മുപ്പത് ഹെക്ടറോളം വരുന്ന നെൽപ്പാടങ്ങളിൽ കൃഷിയിറക്കാനാകാതെ കഴിഞ്ഞ പതിനഞ്ച് വർഷമായി കർഷകർ പ്രതിസന്ധിയിലാണ്. നൂറ്റാണ്ടുകളായി ഇരുപ്പൂ കൃഷി ചെയ്തിരുന്ന പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ പാടശേഖരം ഗതകാല സ്മരണകളുമായി കാടുകയറി തരിശായിക്കിടക്കുന്നു.
പലവക്കോട് കുന്നിൽനിന്ന് ആരംഭിച്ച് നീർച്ചാലായി ഒഴുകിയിരുന്ന തോടാണ് വർഷങ്ങളായി എക്കൽ മണ്ണും കാടും പടർപ്പും മറ്റും നിറഞ്ഞ് വയലേലകൾക്ക് സമാന്തരമായത്.
മഴക്കാലമാവുമ്പോൾ തോടും വയലും ഒരു പോലെ നിറയും. നീരൊഴുകിപ്പോകണമെങ്കിൽ തോട് പഴയ രീതിയിൽ ആഴം വരുത്തി നവീകരിക്കണം. ന്യൂനമർദത്തോടൊപ്പം ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയത്തും ദിവസങ്ങളോളം പാടശേഖരങ്ങൾ വെള്ളത്തിനടിയിലായിരുന്നു. വെള്ളമിറങ്ങിക്കഴിയുമ്പോൾ കൃഷിയിറക്കേണ്ട സമയം കഴിഞ്ഞിരിക്കും. ഓരോ വർഷകാലത്തും കർഷകർ അനുഭവിക്കുന്ന ദുരന്തമാണിത്.
ഇങ്ങനെ പതിനഞ്ചുവർഷമായിട്ടും നാട്ടുകാരുടെ പരിദേവനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കൃഷിവകുപ്പോ പഞ്ചായത്തധികൃതരോ ഒരു നടപടിയും കൈക്കൊണ്ടില്ല. നഷ്ടമായിട്ടുകൂടി നെൽകൃഷിയെ സ്നേഹിക്കുന്ന പരമ്പരാഗതമായി കൃഷി ചെയ്യണമെന്നാഗ്രഹിക്കുന്ന കർഷകർക്ക് വെട്ടിയറ തോട് നവീകരിച്ച് നീരൊഴുക്കുറപ്പാക്കിയാൽ തങ്ങളുടെ പാടശേഖരങ്ങളിൽ പൊന്നുവിളയിക്കാനാകുമെന്നുറപ്പുണ്ട്.
കനിയേണ്ടത് അധികൃതരാണ്. ഉദ്ഘാടനപ്രഹസനങ്ങൾക്കും കടലാസുപ്രഖ്യാപനങ്ങൾക്കുമപ്പുറം സാമൂഹിക പ്രതിബദ്ധതയെന്ന ഭരണകൂട കർത്തവ്യബോധം ഇനിയും വറ്റാത്ത ജനപ്രതിനിധികളുടെ ഇടപെടലിനായി വെട്ടിയറ ഏലാ നിവാസികൾ കാത്തിരിക്കുന്നു, പുത്തരിയുടെ മണമുള്ള ഭാവിക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.