കഴക്കൂട്ടം: സി.പി.എം മൺവിള ബ്രാഞ്ചംഗമായ മുരളീധരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷത്തിനുശേഷം പിടിയിൽ. കൊലപാതകം നടത്തിയ ശേഷം മുങ്ങിയ പ്രതി കിഴക്കുംകര സ്വദേശി സുധീഷിനെ (ബൗഡൻ, 36) സൈബർസിറ്റി അസി. കമീഷണർ ഡി.കെ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്റർപോളിന്റെ സഹായത്തോടെ സൗദിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ വ്യാഴാഴ്ച കരിപ്പൂരിലെത്തിച്ചു.
2006 നവംബർ 30നാണ് കേസിനാസ്പദമായ സംഭവം. മൺവിളയിൽ ലഹരി മാഫിയ--ഗുണ്ടാ പ്രവർത്തനത്തിലേർപ്പെട്ടിരുന്ന ഒരു സംഘമാളുകളെ പൊലീസ് പിടികൂടിയിരുന്നു. രക്ഷപ്പെട്ട മറ്റൊരു പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. മുരളീധരന്റെ നേതൃത്വത്തിലാണ് സാമൂഹികവിരുദ്ധ സംഘങ്ങൾക്കെതിരെ നാട്ടുകാർ സംഘടിച്ചത്. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിലെത്തിയത്. കേസിൽ ഒരു പ്രതി നേരത്തേ പിടിയിലായിരുന്നു.
കൊലപാതകശേഷം മുങ്ങിയ സുധീഷിനായി പൊലീസ് കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തിയിരുന്നു. പ്രതിയെക്കുറിച്ചുള്ള വിവരം കേരള പൊലീസ് ഇന്റർപോളിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റർപോൾ സുധീഷിനെതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രതി.
വിവരം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജുവിന്റെ നിർദേശപ്രകാരമാണ് ഡി.കെ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം സൗദിയിലേക്ക് പുറപ്പെട്ടത്. തുമ്പ സി.ഐ ശിവകുമാർ, സീനിയർ സി.പി.ഒ മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കുന്ന പ്രതിയെ സെഷൻസ് കോടതിയിൽ ഹാജരാക്കും.
കേസിലെ ഒന്നാം പ്രതി രാജേന്ദ്രബാബു, രണ്ടാം പ്രതി ഷൈനു എന്നിവർ ഒളിവിലാണ്. സുധീഷിനെതിരെ നിരവധി കേസിൽ വാറന്റ് നിലവിലുണ്ട്. സുധീഷ് അറസ്റ്റിലായ സാഹചര്യത്തിൽ വിചാരണ നടപടികൾ വേഗത്തിലാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.