കഴക്കൂട്ടം: നാല് പുതിയ മോഡലുകൾകൂടി അവതരിപ്പിച്ച് രണ്ടാം വരവിനൊരുങ്ങുകയാണ് കേരളത്തിന്റെ ലാപ്ടോപ് നിർമാണ കമ്പനിയായ കോക്കോണിക്സ്. പുതിയ മോഡലുകൾ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈയിൽ നടക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ഓഹരിഘടനയിൽ മാറ്റം വരുത്തിയതോടെ സംസ്ഥാനത്തെ ആദ്യ ഡീംഡ് പൊതുമേഖല സ്ഥാപനമായി കോക്കോണിക്സ് മാറി.
സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള കെൽട്രോൺ, കെ.എസ്.ഐ.ഡി.സി എന്നീ സ്ഥാപനങ്ങൾക്കൊപ്പം പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബലും ചേർന്നുള്ള കമ്പനിയായ കോക്കോണിക്സ് നേരത്തെ പുറത്തിറക്കിയ ഏഴ് മോഡലുകൾക്ക് പുറമേയാണ് നാല് മോഡലുകൾ കൂടി അവതരിപ്പിക്കുന്നത്.
ഇതിൽ രണ്ട് മോഡലുകൾ കെൽട്രോണിന്റെ പേരിലാകും വിപണിയിലിറക്കുക. ഇതിൽ ഒന്ന് മിനി ലാപ്ടോപ്പാണ്. എല്ലാ മോഡലുകൾക്കും ബി.ഐ.എസ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. 2019ൽ ഉൽപാദനം ആരംഭിച്ചശേഷം ഇതിനകം 12,500 ലാപ്ടോപ്പുകൾ വിറ്റതായി മന്ത്രി പറഞ്ഞു.
ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ് ഡീൽ തുടങ്ങിയ ഇ-കോമേഴ്സ് പോർട്ടലുകൾ വഴിയും ലാപ്ടോപ്പുകൾ വാങ്ങാം. 2018 ൽ രൂപവത്കരിച്ച കോക്കോണിക്സ് നിലവിൽ ലാപ്ടോപ്പുകൾക്ക് പുറമേ മിനി പി.സി, ഡെസ്ക്ടോപ്പുകൾ, സെർവറുകൾ, ടാബ്ലറ്റുകൾ എന്നിവയും ഉൽപാദിപ്പിക്കുന്നുണ്ട്.
പ്രതിവർഷം രണ്ട് ലക്ഷം ലാപ്ടോപ്പുകൾ ഉൽപാദിപ്പിക്കാനുള്ള ശേഷി മൺവിളയിലെ പ്ലാന്റിനുണ്ട്. പ്ലാന്റ് മന്ത്രി സന്ദർശിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആനി ജൂല തോമസ്, കെൽട്രോൺ എം.ഡി നാരായണ മൂർത്തി എന്നിവർ മന്ത്രിക്കൊപ്പമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.